സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭാ സബ്ജക്‌ട് കമ്മിറ്റിക്കു വിട്ടു

തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) ബില്‍ നിയമസഭാ സബ്ജക്‌ട് കമ്മിറ്റിക്കു വിട്ടു. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് 25 കോടി രൂപ കോര്‍പ്പസ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കണമെന്നും കുറഞ്ഞത് 10 ഏക്കര്‍ കൈവശമുള്ള സ്‌പോണ്‍സറിംഗ് ഏജന്‍സി ആയിരിക്കണമെന്നുമാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.

വിദഗ്ധസമിതി അപേക്ഷകള്‍ വിലയിരുത്തും.

വിദ്യാഭ്യാസ മേഖലയില്‍ അനുഭവ പരിചയവും വിശ്വാസ്യതയുമുള്ള ഏജന്‍സിക്ക് സ്വകാര്യ സര്‍വകലാശാലയ്ക്ക് വേണ്ടി അപേക്ഷിക്കാം. മള്‍ട്ടി കാംപസ് യൂണിവേഴ്‌സിറ്റിയായി ആരംഭിക്കുകയാണെങ്കില്‍, ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറില്‍ ആയിരിക്കണം. ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യണം. ഇതില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നു. വ്യവസ്ഥകള്‍ പ്രകാരം വിദഗ്ധസമിതി അപേക്ഷകള്‍ വിലയിരുത്തും.

വിദഗ്ധസമിതിയുടെ ഘടന

സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യന്‍, ഒരു വൈസ് ചാന്‍സലര്‍, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാന വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രതിനിധി, ആസൂത്രണ ബോര്‍ഡിന്റെ പ്രതിനിധി, സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കളക്‌ടര്‍ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍.

40% സീറ്റുകള്‍ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യണം

സര്‍വകലാശാലാ ബില്ലും നിയമഭേദഗതി ബില്ലും മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് മുന്‍ഗണന നല്‍കുന്ന ബില്ലില്‍, 40% സീറ്റുകള്‍ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യുമെന്നും സംസ്ഥാന സര്‍വകലാശാലകളിലെ സംവരണതത്വം സ്വകാര്യ സര്‍വകലാശാലകള്‍ക്കും ബാധകമായിരിക്കണമെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി ഫീസിളവ്, സ്‌കോളര്‍ഷിപ്പ് എന്നിവ നടപ്പിലാക്കുന്നതിനൊപ്പം, വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിയും ബില്ലില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

നിയമഭേദഗതി ബില്ലുകളുടെ അവതരണം

കേരള, എംജി, കണ്ണൂര്‍, കാലടി, കാലിക്കട്ട് സര്‍വകലാശാലകളുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്. കുസാറ്റ്, മലയാളം, സാങ്കേതിക സര്‍വകലാശാലകളുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്‍ ഫെബ്രുവരി 20ന് നിയമസഭയില്‍ അവതരിപ്പിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →