ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം ഔപചാരികമായി ആരംഭിച്ചു. ഒന്നാം ടെർമിനലിലെ ചെക്കിംഗ് ഏരിയയ്ക്ക് സമീപമാണ് കഫേ സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവാണ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചത്
.
വിമാനത്താവളങ്ങളില്‍ ഭക്ഷണത്തിന് വളരെ ഉയർന്ന വില ഈടാക്കുന്നതായി പലവട്ടം യാത്രക്കാർ പരാതി ഉന്നയിച്ചിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാനായി അധികൃതർ നടപടികൾ സ്വീകരിച്ചു. എല്ലാ തരത്തിലുള്ള യാത്രക്കാർക്കും കൃത്യമായ വില നിയന്ത്രണത്തോടെ ലഘുഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഉഡാൻ യാത്രി കഫേകള്‍ ആരംഭിക്കുകയായിരുന്നു.
കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ഉഡാൻ കഫേ ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്.
രാജ്യത്ത് ആദ്യമായി 2023 ഡിസംബറിലാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഉഡാൻ കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. വലിയ വിജയമായതിനെ തുടർന്ന് ഈ പദ്ധതി രാജ്യത്താകമാനം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. അടുത്ത ഉഡാൻ കഫേ ഡൽഹി വിമാനത്താവളത്തിലായിരിക്കും ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ, മറ്റ് വിമാനത്താവളങ്ങളിലും അധികം വൈകാതെ ഉഡാൻ കഫേകള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.
വിലയും ലഭ്യമായ വിഭവങ്ങളും
യാത്രക്കാർക്ക് 10 രൂപയ്ക്ക് കുടിവെള്ളവും ചായയും, 20 രൂപയ്ക്ക് കോഫി, സമൂസ, മധുരപലഹാരം എന്നിവയും ഉഡാൻ കഫേകളിൽ ലഭ്യമാകും. ഈ സംരംഭം വിമാനത്താവളങ്ങളിൽ അത്യന്തം ചെലവേറിയ ഭക്ഷണത്തിന് ഒരു പരിഹാരമായിരിക്കുമെന്നാണ് കരുതുന്നത്.