കൊച്ചി : വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അപകടാവസ്ഥയിലായ രണ്ട് ടവറുകൾ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട യോഗം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കും. സൈനികർക്ക് വേണ്ടി നിർമ്മിച്ച ടവറുകൾ ആറാം വർഷം തന്നെ തകർച്ചാ ഭീഷണിയിലായത് സൈന്യത്തിന് മാനക്കേടുണ്ടാക്കി. ഫ്ളാറ്റ് ഉടമകളിൽ ചിലർ രണ്ടുവർഷത്തോളം നിയമയുദ്ധം നടത്തിയ ശേഷം, ടവറുകൾ പൊളിച്ചുപണിയാനായി 175 കോടി രൂപ നൽകാൻ എ.ഡബ്ല്യു.എച്ച്.ഒ. സമ്മതിച്ചു. ഫെബ്രുവരി 21-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുക.
യോഗതത്ിൽ പങ്കെടുക്കുന്നവർ
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഫ്ളാറ്റ് ഉടമകളുടെ പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ഫയർ ഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോർഡ്, കണയന്നൂർ തഹസിൽദാർ, ടവറുകൾ നിർമ്മിച്ച ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും. എ.ഡബ്ല്യു.എച്ച്.ഒ. എം.ഡി. റിട്ട. മേജർ ജനറൽ വികൽ സാഹ്നിയും പങ്കെടുക്കും.
സൈന്യത്തിന് മാനക്കേടായി ടവറുകൾ
.. കരസേനയുടെ നിയന്ത്രണത്തിലുള്ള എ.ഡബ്ല്യു.എച്ച്.ഒ. നിർമ്മിച്ച ടവറുകൾ അപകടാവസ്ഥയിൽ എത്തിച്ചതിനാൽ പൊളിച്ചു മാറ്റേണ്ടിവരുന്നത് സൈന്യത്തിന് മാനക്കേടായി മാറി. ടവറുകൾ പൊളിച്ചുപണിയാനായി ആവശ്യമായ തുക നൽകാൻ എ.ഡബ്ല്യു.എച്ച്.ഒ. സമ്മതിച്ചത് ഫ്ളാറ്റ് ഉടമകളുടെ നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ്.