കൊയിലാണ്ടി : കോഴിക്കോട് കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടത് ക്ഷേത്രമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കേസുകള്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് വളരെ നിഷ്പക്ഷമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.പരിക്കേറ്റവരുടെ കാര്യത്തില്‍ ക്ഷേത്രം ഭാരവാഹികള്‍തന്നെ ആവശ്യമായ ശ്രദ്ധയും പരിരക്ഷയും നല്‍കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കോടതി നിര്‍ദേശവും നിയമവും പാലിച്ച് മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെതെന്നും ശശീന്ദ്രന്‍ പറഞ്ഞു.
നാട്ടാന പരിപാലനചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
വളരെ ദാരുണവും നാടിനെ ഞെട്ടിച്ചതുമായ ദുരന്തമാണുണ്ടായത്. ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. നാട്ടാന പരിപാലനചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേണ്ടത്ര ശ്രദ്ധയുണ്ടായോ എന്ന സംശയം ജില്ലാ ഭരണകൂടവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിയമപരമായ നടപടി സ്വീകരിക്കും. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും പ്രത്യേകം പരിശോധന നടത്തേണ്ടതുണ്ട്. കാരണം, അവരാണ് എഴുന്നള്ളിപ്പിനുള്ള അന്തിമമായ അധികാരം നല്‍കേണ്ടത്.
നഷ്ടപരിഹാരം ക്ഷേത്രങ്ങള്‍തന്നെ നൽകുന്ന കീഴ്‌വഴക്കമാണ് ഇവിടെയുള്ളത്.
വീഴ്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ ആരായാലും നടപടികളുണ്ടാവും . .വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആന വിരളാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അക്കാര്യങ്ങളിലെല്ലാം അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം ക്ഷേത്രങ്ങള്‍തന്നെ നൽകുന്ന കീഴ്‌വഴക്കമാണ് ഇവിടെയുള്ളത്.അതനുസരിച്ച് പോകട്ടെ എന്നുതന്നെയാണ് ഇപ്പോഴത്തെ നിലപാട്. മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ തനിക്ക് ഒറ്റയ്ക്ക് പറയാനോ പ്രഖ്യാപിക്കാനോ സാധിക്കില്ല. കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രിക്കുമുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു

