ഗതാഗത രംഗത്തുണ്ടാകുന്ന വളർച്ചയ്ക്ക് യോജിച്ച വിധത്തിൽ നാലുവരി പാതകളും എട്ടുവരി പാതകളും ആവശ്യമാണ്. വൻതോതിൽ മൂലധന നിക്ഷേപം ആവശ്യമുള്ള രംഗമാണിത്. യാത്രാ ആവശ്യങ്ങൾക്ക് മാത്രമല്ല ചരക്ക് ഗതാഗതത്തിനും നല്ല റോഡുകൾ ആവശ്യമാണ്.
രണ്ടു വരി നാലുവരി പാതയായും നാലുവരി എട്ടുവരിയായും ഒക്കെ മാറ്റിക്കൊണ്ടേയിരിക്കണം. അനുസരിച്ച് ഇത് നടപ്പാക്കിക്കൊണ്ടേയിരിക്കണം. റോഡ് ഉപയോഗിക്കുന്നവരിൽ നിന്നും ഓരോ ഉപയോഗത്തിനും പൈസ വാങ്ങുന്ന പരിപാടിയാണ് ടോൾ. രാജഭരണകാലത്ത് കടത്തു കൂലിയും മറ്റും വാങ്ങിയിരുന്നത് ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ആധുനിക കാലത്ത് ടോൾ റോഡുകളായി അത് വികസിച്ചു എന്ന് മാത്രം.
ടോൾ വാങ്ങി റോഡുകളുടെ നിർമ്മാണ ചെലവ് ഈടാക്കുന്ന രീതിയോട് സമൂഹത്തിൽ വിമർശനം ഉണ്ട്. അടിസ്ഥാന വികസനത്തിന് മുൻകൈയെടുക്കേണ്ടത് സർക്കാർ ആണ്. അടിസ്ഥാനമേഖലയുടെ വികസനം മുഴുവൻ നികുതിപ്പണത്തിൽ നിന്ന് ചെലവഴിച്ചു നടപ്പാക്കാൻ തീരുമാനിച്ചാൽ ആയിരം കൊല്ലം എടുത്താലും ആധുനിക സമൂഹത്തിൻറെ ആവശ്യങ്ങളിലേക്ക് വളരുവാൻ കഴിയുകയില്ല എന്നുള്ളത് സത്യമാണ്. ഈ യാഥാർത്ഥ്യബോധമാണ് ടോൾ റോഡുകളിലേക്ക് തിരിയുവാൻ ലോകത്തെ പ്രേരിപ്പിച്ചത്. ഇന്ത്യയിലും കേരളത്തിലും മാത്രമല്ല ആഫ്രിക്കയിൽ വരെ ടോൾ റോഡുകളുടെ കാലമാണ്. ഇത് പൊതു പ്രവണത.
നിർമ്മാണ ചെലവ് ഈടാക്കുവാൻ വേണ്ടി അതിലെ പോകുന്ന വാഹനങ്ങളിൽ നിന്നും ഓരോ പ്രാവശ്യവും പണം ഈടാക്കുന്നതിൽ എന്താണ് തെറ്റ്?
അങ്ങനെ ഈടാക്കുന്ന ഒരു സമ്പ്രദായം ഉണ്ടായില്ല എന്ന് കരുതുക. എങ്ങനെ റോഡുകൾ ഉണ്ടാക്കും? ഖജനാവിലെ പണം ഉപയോഗിച്ച്. ആ പണം എവിടെ നിന്ന് വരുന്നു ?പിച്ചക്കാരൻ മുതൽ മൾട്ടി നാഷണൽ കമ്പനി വരെയുള്ള ആളുകൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നാണ് ഖജനാവിൽ പണം വരുന്നത്. ഒരിക്കൽപോലും ജീവിതത്തിൽ സ്വന്തമായി ഒരു കാർ ഇല്ലാത്തവനും റോഡ് നിർമ്മിക്കുവാൻ നികുതി കൊടുക്കണം. അതായത് കാർ വാങ്ങാൻ ശേഷിയില്ലാത്തവന്റെ പണം പിരിച്ചെടുത്ത് കാർ വാങ്ങാൻ ശേഷിയുള്ളവന് സഞ്ചരിക്കാൻ വഴിയുണ്ടാക്കി കൊടുക്കുന്ന സാമ്പത്തിക തത്വശാസ്ത്രമാണ് ടോൾ റോഡുകളെ എതിർക്കുന്നതിന് പിന്നിൽ ഉള്ളത്.
ഒരു വഞ്ചനയും ചൂഷണവും സാമ്പത്തിക നയം, രാഷ്ട്രീയ നയം എന്ന പേരിൽ പൊതു സമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കുന്ന വഞ്ചനയാണ് അത്. മാത്രമല്ല ഒരിക്കലും നല്ല റോഡ് ഉണ്ടാവുക എന്ന കാര്യം നടക്കാൻ പോകുന്നുമില്ല. എന്നും കുണ്ടും കുഴിയും കുഴിയടക്കലുമായി ഒരിക്കലും അവസാനിക്കാത്ത ദുരിതമായിരിക്കും ഫലം.
ടോൾ റോഡുകളുടെ സാമ്പത്തിക ശാസ്ത്രവും ഭരണ നീതിയും ലളിതമാണ്. റോഡ് ഉപയോഗിക്കുന്നവൻ ഓരോ ഉപയോഗത്തിനും കാശ് കൊടുക്കണം. ഉപയോഗിക്കാത്തവൻ്റെ പോക്കറ്റിൽ നിന്ന് എടുക്കേണ്ടതില്ല, റോഡിനു വേണ്ടി.
ഇതിനെ എന്തിനാണ് എതിർക്കുന്നത്? ടോൾ റോഡുകളുടെ പരമ്പരതന്നെ നിർമ്മിച്ച തമിഴ്നാട് ഗതാഗത വികസനത്തിൽ മാത്രമല്ല സാമ്പത്തിക വികസനത്തിലും വളരെ മുൻപിൽ പോയത് കൺമുമ്പിൽ കാണാനുണ്ട്. ടോൾ വാങ്ങുന്നത് ചൂഷണമാണ് എന്ന് പറയുന്നവർ ഒന്നുകിൽ റോഡ് വേണ്ട എന്ന് പറയണം. അതല്ല റോഡ് വേണമെന്നാണ് പറയുന്നതെങ്കിൽ പിച്ചക്കാരനെ കൊണ്ട് ബെൻസ് കാറിൽ പോകുന്നവന് വേണ്ടി റോഡ് ഉണ്ടാക്കാൻ പൈസ മുടക്കിയത് ശരിയാണ് എന്ന് പറയണം.
ടോൾ റോഡിൽ ശരിയല്ലാത്തത് എന്ത് ?
ടോൾ റോഡിൻറെ കാര്യത്തിൽ ഒരുപാട് അനീതികൾ ഉണ്ട്. സ്വകാര്യ കമ്പനികൾക്ക് യാത്രക്കാരെ കൊള്ളയടിക്കാനുള്ള നല്ല മാർഗമായി ഇതിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിലും ലോകത്ത് എവിടെയും അങ്ങനെയാണ്. ഓരോ റോഡിന്റെയും നിർമ്മാണ ചിലവും അതാത് മാസവും വർഷവും തിരിച്ച് ടോൾ ആയി ലഭിക്കുന്ന കാശും അനുവദനീയമായ ലാഭവും സംബന്ധിച്ച എല്ലാ വിവരവും അന്വേഷിക്കുകയും അറിയുകയും അതിൻറെ അടിസ്ഥാനത്തിൽ പെരുമാറുകയും ചെയ്യാത്ത പൗര സമൂഹമുള്ള എല്ലാ നാട്ടിലും ടോൾ റോഡുകൾ കൊള്ളയടി തന്നെയാണ്.
കൊള്ളയടിയുടെ കാര്യത്തിൽ നമ്മുടെ രാജ്യത്ത് ടോൾ റോഡ് നിർമ്മിച്ച കമ്പനികൾ മാത്രമല്ല ഉദാഹരണം. ആഫ്രിക്കയിൽ ടോൾ റോഡുകൾ നിർമ്മിച്ച ചൈനയും ചൈനീസ് കമ്പനികളും ബ്ലേഡ് കമ്പനികളുടെ കത്രിക പൂട്ട് പോലെ ആ രാജ്യങ്ങളെ ആക്കിയിരിക്കുകയാണ്. ആയിരം കോടി രൂപയ്ക്ക് തീരേണ്ട റോഡ് നിർമ്മിക്കുന്നതിന് 10000 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് ചൈനീസ് കമ്പനികൾ തയ്യാറാക്കുന്നത്. ഖജനാവിന് പകരം പിച്ചച്ചട്ടിയും നാലുവരി പാതയ്ക്ക് പകരം മൺറോഡുമുള്ള ആഫ്രിക്കൻ രാജ്യങ്ങൾക്ക് റോഡ് കമ്പനി കൊണ്ടുവരുന്ന എസ്റ്റിമേറ്റിന്റെ വിശദാംശങ്ങൾ പരിശോധിക്കുവാൻ തോന്നുകയില്ല.
നല്ല റോഡ് ആണ് അവരുടെ സ്വപ്നം. തല വച്ചുകൊടുക്കും.ആയിരം കോടിക്ക് തീർക്കാവുന്ന റോഡ് 10,000 കോടിയുടെതാണെന്ന് സർക്കാരിനെ ധരിപ്പിക്കും. അവരെക്കൊണ്ട് കരാർ ഒപ്പിടിക്കും.10000 കോടിയും അതിൻറെ പലിശയും അടക്കം പിരിച്ചാലും പിരിച്ചാലും തീരാത്ത ടോൾ! തലമുറകൾ കൈകാലിട്ട് അടിക്കുന്ന കത്രിക പൂട്ട് !
സ്വതന്ത്ര പൗരന്മാരുടെ പരമാധികാര രാഷ്ട്രമായ നമ്മുടെ രാജ്യത്തും ടോൾ കമ്പനികൾ യാത്രക്കാരെ കൊള്ള ചെയ്യുകയാണ്. എത്രയാണ് ചെലവ് ? എത്രയാണ് പലിശ ? എത്ര ഈടാക്കാം? എത്ര കൊല്ലത്തേക്ക് ഇടാക്കാം?
ഇതെല്ലാം സർക്കാർ ഉദ്യോഗസ്ഥന്മാരും ടോൾ കമ്പനിയും മാത്രം അറിഞ്ഞാൽ പോരാ. ജനപ്രതിനിധികളും പാർട്ടി നേതാക്കളും അറിഞ്ഞാലും പോരാ. ജനങ്ങൾ അറിയണം.
കാരണം ടോൾ കമ്പനികളിൽ നിന്ന് പടിയായി എല്ലാ പാർട്ടികളും പണം പിരിക്കുന്നുണ്ട്. സ്ഥലം മെമ്പർ മുതൽ പാർലമെൻറ് അംഗം വരെ ടോൾ കമ്പനികളുടെ ഔദാര്യങ്ങൾ പറ്റുന്നുണ്ട്. അതുകൊണ്ട് ചൂഷണം തടയാൻ പൗരന്മാർ നേരിട്ട് കണക്കുകൾ അറിയണം. ടോൾ കമ്പനിയുടെ മുതൽമുടക്കും പണവും അതിൻറെ ലാഭവും കിട്ടിക്കഴിഞ്ഞാൽ അവരെ പറഞ്ഞു വിടാൻ കഴിയണം പൗരന്മാർക്ക്.

