ന്യൂഡൽഹി: മാളുകളിലും സൂപ്പർമാർക്കറ്റുകളിലും സാധനങ്ങൾ വാങ്ങുന്നതോടൊപ്പം ആളുകളുടെ ഫോൺ നമ്പർ ശേഖരിക്കുന്ന പതിവിനെതിരെ കൺസ്യൂമർ കോടതിയുടെ വിധി. ഉപഭോക്താവിൽ നിന്ന് സ്വകാര്യ വിവരങ്ങളും ഫോൺ നമ്പരും ശേഖരിക്കുവാൻ പാടില്ല എന്നാണ് ചണ്ഡീഗഡ് ഉപഭോക്തൃകോടതിയുടെ വിധി. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റേതാണ് ഈ വിധി. രാജ്യവ്യാപകമായി അവലംബിക്കപ്പെടാൻ ഇടയിലുള്ള ഈ വിധിയുടെ സ്വാധീനം വളരെ വലുതാണ്. അവരുടെ കമ്പ്യൂട്ടർ ഉപകരണങ്ങളിൽ ശേഖരിച്ച വിവരങ്ങൾ നീക്കം ചെയ്യുവാനും ഉപഭോക്താവിന് 2500 രൂപ നഷ്ടപരിഹാരം നൽകാനും ആണ് പത്മ പാണ്ഡെ അധ്യക്ഷനും പ്രീതീന്തർ സിംഗ് അംഗവുമായ സംസ്ഥാന ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ വിധിച്ചത്.
2024 ഏപ്രിൽ 29 ആം തീയതി പരാതിക്കാരൻ ചണ്ഡിഗഡിലെ എലന്തെ മാളിൽ നിന്നും വസ്ത്രങ്ങൾ വാങ്ങിയപ്പോൾ നിർബന്ധമായി ഫോൺ നമ്പറും മറ്റു വിവരങ്ങളും ശേഖരിച്ചു എന്നാണ് പറഞ്ഞത്.
2023 മെയ് മാസം ഇരുപത്തിയാറാം തീയതി കേന്ദ്ര ഉപഭോക്തൃ കാര്യമന്ത്രാലയം ഒരു ഉത്തരവിലൂടെ ഇങ്ങനെ വിവരങ്ങൾ തേടുന്നതിനെ വിലക്കിയിട്ടുണ്ട്. നിർബന്ധപൂർവ്വം ഒരാളിൽ നിന്നും ചെറുകിട വ്യാപാരികളോ മറ്റ് സ്ഥാപനങ്ങളോ സാധനങ്ങൾ വാങ്ങുന്നതിന് പിറകെ അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുവാൻ പാടില്ല എന്നാണ് നിയമപ്രകാരം മന്ത്രാലയം വിലക്കിയത്.
രണ്ടായിരത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 72 എ സെക്ഷൻ പ്രകാരവും ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുവാൻ ഒരാളെ നിർബന്ധിക്കുന്നതോ മൊബൈലുകളിലും മറ്റും ശേഖരിക്കുകയോ അത് മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യുന്നത് നിയമവിരുദ്ധമായ പ്രവർത്തനമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് കുറ്റകൃത്യവും ആണ്.
എന്നാൽ വസ്ത്രങ്ങൾ വാങ്ങിയ ഉപഭോക്താവിനോട് മാളുകാർ നിർബന്ധപൂർവ്വം നമ്പർ ആവശ്യപ്പെടുകയും ശേഖരിക്കുകയും ചെയ്തു എന്നാണ് പരാതി. തർക്കപരിഹാര ഫോറത്തിന്റെ പരിശോധനയിൽ ഇത് തെളിഞ്ഞു. ഇതിനെ തുടർന്നാണ് വിവരങ്ങൾ കമ്പ്യൂട്ടറുകളിൽ നിന്നും നീക്കം ചെയ്യുവാനും 2500 രൂപ നഷ്ടം കൊടുക്കുവാനും വിധിച്ചുകൊണ്ട് സംസ്ഥാന തീരുമാനമെടുത്തത്.
ഹരിയാന സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി തീർപ്പ് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മറ്റ് ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങൾക്കും കമ്മീഷനുകൾക്കും ഈ വിധി അവലംബമായി മാറാൻ ഇടയുണ്ട്. ഉപഭോക്തൃ നിയമങ്ങളുടെ മാത്രമല്ല, മറ്റ് രണ്ട് നിയമങ്ങളുടെ പരിധിയിൽ കൂടി വരുന്ന കാര്യമാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ സാധനങ്ങൾ വാങ്ങുന്ന ആൾ നിർബന്ധപൂർവ്വം സ്വീകരിക്കുന്ന പതിവ്.
നിർബന്ധപൂർവ്വം അല്ലാതെ ഉപഭോക്താവ് സ്വന്തം ഇഷ്ടപ്രകാരം വിവരങ്ങൾ നൽകുന്നതിനെ വിലക്കിയിട്ടുമില്ല. നിയമവും ആ നിലയിൽ പറയുന്നില്ല എന്നാൽ നിർബന്ധപൂർവ്വം അല്ല എങ്കിലും മറ്റൊരാൾക്കു നൽകുന്ന സ്വകാര്യ വിവരങ്ങൾ വ്യാപാരവാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി നൽകുകയോ വിൽക്കുകയോ ചെയ്യുന്നത് കുറ്റകരമാണ് എന്ന് നിയമം പറയുന്നുണ്ട്.

