ന്യൂഡല്‍ഹി: ആസിയാൻ അടക്കമുള്ള അന്താരാഷ്‌ട്ര വ്യാപാര കരാറുകള്‍ പുതുക്കുന്നതിനു മുമ്പായി റബർ കർഷകരോടും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോടും ചർച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എംപി കെ.ഫ്രാൻസിസ് ജോർജ്. പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ ജനുവരി 30 ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണു ഫ്രാൻസിസ് ഇക്കാര്യം ഉന്നയിച്ചത്.
കാർഷികമേഖല പ്രതിസന്ധിയിലാണ്.കാർഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില (എംഎസ്പി) ഉയർത്തണം. റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കണം. ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകള്‍ പരിഹിക്കണം തുടങ്ങിയ വിഷയങ്ങളും ഫ്രാൻസിസ് ജോർജ് ഉന്നയിച്ചു.
വിമാനക്കൂലി നിയന്ത്രിക്കുന്നതിന് എയർ ഫെയർ അഥോറിറ്റി രൂപീകരിക്കണം
വിമാനയാത്രക്കാരെ കൊള്ളയടിക്കുന്ന അമിത വിമാനക്കൂലി നിയന്ത്രിക്കുന്നതിന് എയർ ഫെയർ അഥോറിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ചു പാർലമെന്‍റില്‍ ചർച്ച ചെയ്യണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. മണിപ്പുർ സംഘർഷത്തിനു പരിഹാരം കാണാൻ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്നും യുജിസി മാനദണ്ഡങ്ങളിലെ മാറ്റങ്ങള്‍ സർവകലാശാലകളെയും വിദ്യാഭ്യാസത്തെയും തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
