സഹകരണ പ്രസ്ഥാനം നാടിന്നഭിമാനം എന്ന മുദ്രാവാക്യത്തിന് അമരത്തം നൽകിയ ടി.എസ്. ബേബി സാർ

(ഇ.ജെ ജോസഫ്,ചെയർമാൻ ,ദർശന ഫിലിം സൊസൈറ്റി)

കട്ടപ്പന : ഇന്ന് (18.01.2025) കട്ടപ്പന സെന്റ് ജോർജ് പളളിയിലെ കല്ലറയിൽ അന്ത്യവിശ്രമത്തിലേക്ക് മടങ്ങിയ ടി.എസ്. ബേബി സാർ എഴുപതുകളുടെ മദ്ധ്യത്തിൽ എൻ്റെ യു.പി.സ്കൂൾ അദ്ധ്യാപകനായിരുന്നു. 1983 മുതൽ സമീപകാലം വരെ ഞങ്ങളുടെ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുത്തിരുന്നു. സാംസ്കാരിക കാര്യങ്ങളിൽ ഞങ്ങൾ പലപ്പോഴും ആശയ വിനിമയം നടത്തുമായിരുന്നു

ബാങ്കിലെ ജീവനക്കാരനായിരുന്ന എനിക്ക് ജേഷ്ടൻ്റെ സ്ഥാനത്തോ, മാർഗദർശിയോ ആയിരുന്നു അദ്ദേഹം

പരന്ന വായനയും നല്ല അറിവും ഉണ്ടായിരുന്ന ബേബി സാർ എന്നെ ബാധിച്ചത്, ഒരു സഹകരണ ബാങ്കിൻ്റെ ഭരണസമിതിയുടെ മുൻസാരഥി എന്ന നിലയിലാണ്. ആ ബാങ്കിലെ ജീവനക്കാരനായിരുന്ന എനിക്ക് ജേഷ്ടൻ്റെ സ്ഥാനത്തോ, മാർഗദർശിയോ ആയിരുന്നു അദ്ദേഹം. കാരണം കാറും കോളും നിറഞ്ഞ കാലഘട്ടമായിരുന്നു അത്. പ്രതിസന്ധികൾ പിടിച്ചുലച്ച കാലം. ആ സന്നിഗ്ധ ഘട്ടത്തെ മുറിച്ചുകടക്കാനുള്ള യത്നത്തിന് കൈത്താങ്ങായത് ബേബി സാറിൻ്റെ അറിവും പക്വതയുമായിരുന്നു, സ്വർത്ഥത തൊട്ടുതീണ്ടാത്ത പ്രവർത്തന സന്നദ്ധതയായിരുന്നു.

എനിക്കെന്തു കിട്ടുമെന്ന് തെരഞ്ഞില്ല. തെരക്കാണെന്ന് പറഞ്ഞ് വലിഞ്ഞില്ല.

ഈ കുറിപ്പെഴുതുമ്പോൾ നമ്മോടൊപ്പമില്ലാത്ത ടി.എസ്. ബേബി സാർ ബാങ്കിനെ നയിച്ച അഞ്ച് വർഷക്കാലം അക്കാലത്തെ മുഖ്യ കാര്യനിർവ്വഹണോദ്യോഗസ്ഥനായ എനിക്ക് മറക്കാവുന്നതല്ല. അന്നം തരുന്ന ഇടപാടുകാർക്കും നിയന്ത്രണാധികാരമുള്ള റിസർവ്വ് ബാങ്കിനുമിടയിൽ വട്ടം കറങ്ങുമ്പോൾ അദ്ദേഹം ഒരു രക്ഷകർത്താവായി നിന്ന് ഞങ്ങളെ താങ്ങി. രോഷം കൊള്ളേണ്ടിടത്ത് ശബ്ദമുയർത്തി. ഇരുൾ പരന്ന ഇടവഴികളിൽ പ്രകാശമുയർത്തിക്കാട്ടി. എനിക്കെന്തു കിട്ടുമെന്ന് തെരഞ്ഞില്ല. തെരക്കാണെന്ന് പറഞ്ഞ് വലിഞ്ഞില്ല.

ബാങ്കിന്റെ നിലനിൽപ്പ് അപകടത്തിലായ ഒരു സന്ദർഭത്തിൽ നിക്ഷേപകർക്ക് ഒരു പരിക്കും വരാതെ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി

രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ ഒരുയർന്ന ഉദ്യോഗസ്ഥൻ നടത്തിയ സ്വർണ്ണപണയ തട്ടിപ്പിൻ്റെ പാപഭാരം ബാങ്ക് പ്രവർത്തനത്തെ ആടിയുലച്ചു. കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്ന സ്ഥാപനത്തിനെതിരെ ആഞ്ഞടിക്കാൻ ഇടതുപക്ഷ പത്രം രംഗത്തിറങ്ങിയപ്പോൾ നിലനിൽപ്പ് അപകടത്തിലായി. പക്ഷേ നിക്ഷേപകർക്ക് ഒരു പരിക്കും വരാതെ സംരക്ഷിക്കാൻ സ്ഥാപനത്തിനായി. ആരുടെയും നയാ പൈസ നഷ്ടപ്പെടുത്തിയില്ല. തുടർന്നുള്ള അതിജീവനം ക്ളേശത്തിലൂടെയായിരുന്നെങ്കിലും ജീവനക്കാർ മുണ്ടുമുറുക്കിയുടുത്തും ഭരണസമിതി സാമ്പത്തിക അച്ചടക്കത്തിൻ്റെ ലക്ഷ്മണരേഖയ്ക്കകത്തുനിന്നും കഠിന പ്രയത്നം നടത്തിയതിൻ്റെ ഫലമായി സാമ്പത്തിക സുസ്ഥിരതയുള്ള സ്ഥാപനമായി പിന്നീടത് മാറി. വേർപിരിഞ്ഞുപോയ ഇടപാടുകാർ തിരിച്ചെത്തി. റിസർവ്വ് ബാങ്കിൻ്റെ ഗ്രേഡിഗ് ബുക്കിലെ ആദ്യ പേജിൽ ഇടം പിടിച്ചു.

പ്രായോഗികതയിലൂന്നിയുള്ള പ്രവർത്തനം

നിയന്ത്രണാധികാരമുള്ള റിസർവ്വ് ബാങ്കിൻ്റെ നിർദ്ദേശങ്ങൾ വള്ളി പുള്ളി ലംഘിക്കാതെയും, എന്നാൽ പ്രായോഗികതയിലൂന്നിയുള്ള പ്രവർത്തനത്തിനുള്ള സ്വതന്ത്ര്യമുപയോഗപ്പെടുത്തിയുമാണ് ഈ അതിജീവനം സാധ്യമായത്. സ്വാർത്ഥതയോ ധൂർത്തോ തൊട്ടു തീണ്ടാത്ത ഭരണവും കാര്യനിർവ്വഹണവുമാണതിൻ്റെ കാതൽ. സഹകരണ പ്രസ്ഥാനം നാടിന്നഭിമാനം എന്ന മുദ്രാവാക്യത്തിന് അമരത്തം നൽകിയ ശ്രേഷ്ട സഹകാരികളുടെ നിരയിൽ അദ്ദേഹത്തിനും സ്ഥാനമുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →