കൊച്ചി: നഗരത്തിലെ പൊതുഗതാഗത രംഗത്തിന് കുതിപ്പേകാൻ കൊച്ചി മെട്രോ ആരംഭിച്ച ഇലക്ട്രിക് ബസ് സർവ്വീസ് വൻ ഹിറ്റ്.മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ബസിന് ആദ്യ ദിവസം തന്നെ യാത്രക്കാരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കല്‍ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ് ജനുവരി 16 ന് സർവ്വീസ് ആരംഭിച്ചത്.
ടിക്കറ്റിംഗ് ഡിജിറ്റല്‍ പേയ്മെന്റ് വഴി
എയർപോർട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളുമാണ് സർവ്വീസ് നടത്തിയത്. ഈ റൂട്ടുകളിലായി 1855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. എയർ പോർട്ട് റൂട്ടില്‍ 1345 പേരും കളമശേരി റൂട്ടില്‍ 510 പേരും ഇലക്ടിക് ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യ ദിവസത്തെ പ്രതിദിന കളക്ഷൻ 1,18,180 രൂപ ലഭിച്ചു. ആലുവ- എയർപോർട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്. ഡിജിറ്റല്‍ പേയ്മെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാൻസാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്മെന്റ് നടത്താം
പൂർണമായും എയർകണ്ടീഷൻ ചെയ്ത ബസുകൾ
15 ഇലക്ട്രിക് ബസുകളാണ് കൊച്ചി മെട്രോ സർവ്വീസ് നടത്തുന്നത്. പൂർണമായും എയർകണ്ടീഷൻ ചെയ്ത ബസുകളാണിത്. പരിസ്ഥിതി സൗഹാർദ്ദമായി, കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇലക്ട്രിക് ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. എയർപോർട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സർവ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സർവ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയർപോർട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സർവ്വീസ്. കളമശേരി-മെഡിക്കല്‍ കോളേജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സർവ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സർവ്വീസ്
