യേശുക്രിസ്തുവിനെ മോശമായി ചിത്രീകരിച്ച ബിജെപി എംഎല്‍എയ്ക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം

ജയ്പുര്‍: യേശുക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചു പ്രസംഗിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എയ്ക്കെതിരേ കോടതി. 2024 സെപ്റ്റംബര്‍ ഒന്നിന് ദേഖ്‌നി ഗ്രാമത്തില്‍ പ്രാദേശിക ഗോണ്ടി ഭാഷയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.
ഛത്തീസ്ഗഡിലെ ജാഷ്പുർ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അനില്‍കുമാർ ചൗഹാനാണു ബിജെപി വനിതാ എംഎല്‍എ രായ മുനി ഭഗത്തിനെതിരേ കേസെടുക്കാൻ പോലീസിനു നിർദേശം നല്‍കിയത്. ജനുവരി 10 ന് കോടതിയില്‍ നേരിട്ടു ഹാജരാകാൻ പ്രതിക്ക് കോടതി സമൻസും അയച്ചു.

ക്രൈസ്തവർ പല പരാതികൾ നൽകിയെങ്കിലും പോലീസ് നടപടി എടുക്കാഞ്ഞതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

എംഎല്‍എ രായ മുനി ഭഗത്തിന്റെ പ്രസം​ഗത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പോലീസില്‍ പരാതി നല്‍കി. കേസെടുക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് എസ്പിക്കും പരാതി നല്‍കി. എസ്പിയും കേസെടുത്തില്ല. കേസെടുക്കാന്‍ ആവശ്യപ്പെട്ട് ക്രൈസ്തവർ മനുഷ്യച്ചങ്ങല തീർക്കല്‍ തുടങ്ങിയ പ്രതിഷേധപരിപാടികള്‍ നടത്തിയെങ്കിലും പോലീസ് അനങ്ങിയില്ല. ഇതോടെ അഭിഭാഷകനായ വിഷ്ണു കുല്‍ദീപ് മുഖേന ഹെർമൻ കുജുർ എന്നയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

എംഎല്‍എയുടെ പ്രസംഗം വര്‍ഗീയ സ്വഭാവത്തോടെയുള്ളത്

എംഎല്‍എയുടെ പ്രസംഗം വര്‍ഗീയ സ്വഭാവത്തോടെയുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എ പ്രസംഗിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍നിന്നു മനസിലാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →