മലപ്പുറം : ഇരുവൃക്കകളും തകരാറിലായ മകന്റെ ചികിത്സക്ക് പണം കണ്ടെത്താൻ സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിച്ചുവില്ക്കാൻ അനുമതി തേടി ഭിന്നശേഷിക്കാരൻ. പോത്തുകല്ല് പഞ്ചായത്തിലെ വാളംകൊല്ലി മലാംകുണ്ട് സ്വദേശി ചരുകുള പുത്തൻ വീട് ഗോപിനാഥ് എന്ന ഗോപിയാണ് ‘കരുതലും കൈത്താങ്ങും’ നിലമ്പൂർ താലൂക്ക്തല അദാലത്തിൽ മന്ത്രിമാരെ കണ്ട് പരിഹാരം തേടിയത്. മൂത്ത മകൻ സുശീലന്റെ ചികിത്സക്കായാണ് ഗോപി തന്റെ പേരിലുള്ള മൂന്നേക്കർ ഭൂമിയിലെ 65 തേക്ക് മരങ്ങളും പ്ലാവ്, മാവ് തുടങ്ങിയവയും മുറിച്ചുവിൽക്കാൻ അനുമതി തേടിയത്
സർവേ നടപടികൾ പൂർത്തീകരിച്ച് വനാതിർത്തി നിശ്ചയിച്ചാൽ മാത്രമേ അനുമതി നൽകാനാവൂ എന്ന് ഫോറസ്റ്റ് ഓഫീസർ
വനഭൂമിയുമായി അതിർത്തി പങ്കിടുന്ന ഭൂമിയിലെ സർവേ നടപടികൾ പൂർത്തീകരിക്കുകയോ അതിര്കല്ലുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും സർവേ നടപടികൾ പൂർത്തീകരിച്ച് വനാതിർത്തി നിശ്ചയിച്ചാൽ മാത്രമേ നിയമാനുസൃതം മരങ്ങൾ മുറിക്കാൻ അനുമതി നൽകാനാവൂവെന്നുമാണ് നിലമ്പൂർ ഡിവിഷനിലെ ഫോറസ്റ്റ് ഓഫീസർ ഗോപിയെ അറിയിച്ചിരുന്നത്. തനിക്ക് 1977ൽ പട്ടയം ലഭിച്ചതിന്റെയും നികുതി അടക്കുന്നതിന്റെയും രേഖകൽ മന്ത്രി വി. അബ്ദുറഹ്മാനെ കാണിച്ച ഗോപി, സാമ്പത്തികമായി കടുത്ത പ്രയാസം അനുഭവിക്കുകയാണെന്നും നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ മകന്റെ ചികിത്സ തുടരുന്നതെന്നും മന്ത്രിയെ അറിയിച്ചു.
അടിയന്തമായി ഭൂമി പരിശോധിച്ച് നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി
1983ൽ കാട്ടുപന്നിക്ക് വെച്ച വെടികൊണ്ട് ഗോപിനാഥിന്റെ ഇടതുകാല് മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. കാട്ടാന കയറി പല മരങ്ങളും നശിപ്പിച്ചെന്നും പ്രളയത്തിൽ റബർ കൃഷിയടക്കം നശിച്ചെന്നും അദ്ദേഹം മന്ത്രിയെ ബോധിപ്പിച്ചു. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തമായി ഭൂമി പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി . മകന്റെ ചികിത്സക്ക് വിവിധ പദ്ധതികൾ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറോടും നിർദേശിച്ചു