കേരളത്തിൽ വനപാലകരുണ്ട് പക്ഷെ ജനപാലകരില്ല : കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തില്‍.

കോതമംഗലം: വനത്തെ സംരക്ഷിക്കാൻ വനപാലകരുണ്ടെങ്കിലും വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്നു ജനങ്ങളെ സംരക്ഷിക്കാൻ ജനപാലകരില്ലെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തില്‍.വന്യമൃഗ ആക്രമണങ്ങളിലൂടെയുള്ള ദുരന്തങ്ങള്‍ ഇനിയും ആവർത്തിക്കപ്പെട്ടാല്‍ ജനങ്ങളുടെ പ്രതികരണരീതി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുട്ടമ്പുഴയില്‍‌ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ജനകീയ ഹർത്താലിന് അനുബന്ധമായി നടന്ന പ്രതിഷേധ ജാഥയുടെ സമാപനസമ്മേളനം കോതമംഗലം ഡിഎഫ്‌ഒ ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

എല്‍ദോസിന്‍റെ മരണം ഉത്തരവാദിത്വപ്പെട്ട പലരുടെയും അനാസ്ഥമൂലം സംഭവിച്ചതാണ്

വനത്തെ പരിപാലിക്കാൻ നിരവധി ആളുകളുണ്ട്. ജനങ്ങളെ പരിപാലിക്കാൻ ആരുമില്ല. എല്‍ദോസിന്‍റെ മരണം ഉത്തരവാദിത്വപ്പെട്ട പലരുടെയും അനാസ്ഥമൂലം സംഭവിച്ചതാണ്. ആറു മാസം മുമ്പ് സമാനവിഷയത്തില്‍ പ്രതിഷേധം നടന്നതാണ്. എന്നിട്ടും സർക്കാരും വനപാലകരും ഒന്നും ചെയ്തില്ല. അതിന്‍റെ ഫലമായാണു വീണ്ടും പ്രതിഷേധവുമായി വരേണ്ടിവന്നത്. ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണം കിട്ടണം. വനംവകുപ്പുകാർ കാടിന്‍റെ വിസ്തൃതി വർധിപ്പിക്കാനാണു നീക്കം നടത്തുന്നത്. അവർക്കു ജനങ്ങളുടെ ജീവിതം പ്രശ്നമല്ല. വനപാലകർ നാട്ടില്‍ വന്ന് ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്. നേരത്തേ വന്യമൃഗങ്ങളെ മാത്രം ഭയന്നാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഭയപ്പെടേണ്ട സ്ഥിതിയാണ്. -ബിഷപ് ചൂണ്ടിക്കാട്ടി.

എന്നും സമാധാനപരമായ പ്രതിഷേധം ആയിക്കൊള്ളണമെന്നില്ല.

ജനങ്ങള്‍ സാധുക്കളാണെന്നതുകൊണ്ട് എന്തും ചെയ്യാമെന്ന് കരുതരുത്. കർഷകർ ആരെയും ദ്രോഹിച്ചിട്ടില്ല. എന്നും സമാധാനപരമായ പ്രതിഷേധം ആയിക്കൊള്ളണമെന്നില്ല. മനുഷ്യരുടെ ആവശ്യങ്ങളിലേക്ക് സർക്കാരും ഉദ്യോഗസ്ഥരും കണ്ണു തുറന്നില്ലെങ്കില്‍ പ്രതിസന്ധികള്‍ ആവർത്തിക്കും. കേരളം വന്യമൃഗങ്ങളുടെ സംരക്ഷണ ഗാലറിയായി മാറിയിരിക്കുന്നു. വന്യമൃഗങ്ങള്‍ക്കുവേണ്ടിയല്ല നിയമങ്ങള്‍ ഉണ്ടാക്കേണ്ടത്. ജനങ്ങള്‍ക്കായി ഫലപ്രദമായ നിയമങ്ങള്‍ ഉണ്ടാക്കാൻ തയാറാകണം. വന്യജീവികളുടെ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ സർക്കാർ കണ്ണു തുറന്നാല്‍ പ്രത്യാശയും സാമാധാനവും കൈവരുമെന്നും മാർ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →