കോതമംഗലം: കേരളത്തിലെ വനപാലന സംവിധാനങ്ങള്‍ മികച്ചതെന്ന് അവകാശപ്പെടുമ്പോഴും വനമിറങ്ങിയെത്തുന്ന വന്യജീവികളില്‍നിന്ന് ജനങ്ങളുടെ ജീവൻ പരിപാലിക്കാൻ അതൊന്നും പര്യാപ്തമല്ലെന്നു തെളിയിക്കുന്നതാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പട്ടിക. കോതമംഗലം താലൂക്കിലെ വനാതിർത്തി മേഖലകളില്‍ മാത്രം കഴിഞ്ഞ പത്തു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്ന് ആണ്
കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് നീളുന്നു.
കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയില്‍ കോടിയാട്ട് വർഗീസിന്‍റെ മകൻ എല്‍ദോസാ (45) ണു കാട്ടാന ആക്രമണത്തിലെ ഒടുവിലത്തെ ഇര.കാട്ടാനയുടെ ചവിട്ടേറ്റ് ഛിന്നഭിന്നമായി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍ ദാരുണമായിരുന്നു എല്‍ദോസിന്‍റെ മരണം.
2024 ഡിസംബർ 14 ശനിയാഴ്ച വൈകുന്നേരമാണ് നേര്യമംഗലം- ഇടുക്കി റോഡില്‍ കാട്ടാന മറിച്ചിട്ട പന വീണു വിദ്യാർഥിനി കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന കോതമംഗലം എംഎ എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി സി.വി. ആൻ മേരി (21)യാണു മരിച്ചത്. ഇതിന്‍റെ നടുക്കവും പ്രതിഷേധവും വിട്ടുമാറും മുമ്പാണ് എല്‍ദോസിന്‍റെ മരണം
കഴിഞ്ഞ മാർച്ച് നാലിന് നേര്യമംഗലം കാഞ്ഞിരവേലിയില്‍ ജനവാസ മേഖലയില്‍ വീടിനോടു ചേർന്നുള്ള കൃഷിയിടത്തില്‍ മുണ്ടോൻകണ്ടത്തില്‍ രാമകൃഷ്ണന്‍റെ ഭാര്യ ഇന്ദിര (71) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു
