തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും തൃശൂരിലെ ലോക്സഭാ എല്‍ഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലായിരുന്നു മലപ്പുറം അഡീഷണല്‍ എസ്പി ഫിറോസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം സുനില്‍കുമാറില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.
.പൂരം അലങ്കോലപ്പെട്ടതില്‍ ആർഎസ്‌എസിനും പോലീസിലെ ചിലർക്കും ബിജെപി സ്ഥാനാർഥിക്കും പങ്കുണ്ടെന്ന്
മുമ്പ് മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങള്‍തന്നെയാണ് മൊഴിയായി നല്‍കിയതെന്നു സുനില്‍കുമാർ പറഞ്ഞു. പൂരം അലങ്കോലപ്പെട്ടതില്‍ ആർഎസ്‌എസിനും പോലീസിലെ ചിലർക്കും ബിജെപി സ്ഥാനാർഥിക്കും പങ്കുണ്ടെന്നായിരുന്നു സുനില്‍കുമാർ തുടക്കംമുതലേ ആരോപിച്ചിരുന്നത്.
അറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിനല്‍കിയെന്നും പൂരം അലങ്കോലപ്പെട്ടതില്‍ ദേവസ്വത്തിലെ ആളുകള്‍ക്കല്ല ഉത്തരവാദിത്വമെന്നും സുനില്‍കുമാർ വ്യക്തമാക്കി. സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും വെടിക്കെട്ട് നടത്താനുള്ള തീരുമാനം എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു