ഡല്‍ഹി: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തനിക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയുടെ മാനസികനിലയില്‍ പ്രശ്നമൊന്നും കണ്ടെത്താനായിട്ടില്ലെന്നു കോടതി വ്യക്തമാക്കി. . 2023 മേയ് പത്തിനാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ പോലീസ് ചികിത്സയ്ക്കെത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.
ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി
സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടില്‍ വിശ്വാസമില്ലെന്നും അതിനാല്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയൻസസിലെ (എയിംസ്) ഡോക്‌ടർമാർ പ്രതിയുടെ മാനസികാവസ്ഥ പരിശോധിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസില്‍ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രതി സ്ഥിരം മദ്യപിച്ചു പ്രശ്നമുണ്ടാക്കുന്ന വ്യക്തിയാണെന്നും മദ്യലഹരിയില്‍ ഇയാള്‍ ചെയ്യുന്ന കാര്യങ്ങളെപ്പറ്റി ഉത്തമ ബോധ്യമുണ്ടെന്നും സംസ്ഥാനസർക്കാർ സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു .ആശുപത്രിയില്‍ കത്രികകൊണ്ട് പ്രതി ഡോക്‌ടറെയും പോലീസുകാരേയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോ. വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
