കൊച്ചി: ചൂരല്‍മലയിലും മുണ്ടക്കൈയ്യിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് സഹായം നല്‍കാതെ മുഖംതിരിക്കുന്ന കേന്ദ്രം രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ 153.47 കോടി രൂപ വാങ്ങിയെടുത്തു. ദുരന്തനിവാരണത്തിന് വന്ന ഹെലികോപ്റ്ററുകളുടെ എയര്‍ബില്‍ എന്ന പേരിലാണ് ഈ തുക തിരിച്ചുപിടിച്ചത്. നേരത്തെ, 2018ലെ പ്രളയകാലത്തും ഇതേ രീതിയില്‍ കേന്ദ്രം കേരളത്തില്‍ നിന്നും പണം വാങ്ങിയിരുന്നു. അന്ന് ദുരന്തബാധിതര്‍ക്ക് സൗജന്യമായി വിതരണം ചെയ്ത 89540 മെട്രിക് ടണ്‍ റേഷനരിയുടെ പണം ഇതുപോലെ കേന്ദ്രം കവര്‍ന്നു. 202 കോടി രൂപയാണ് കൊടുക്കേണ്ടി വന്നത്. കേന്ദ്രത്തിന്റെ നീതിനിഷധമാണ് ഒരിക്കല്‍ക്കൂടി തെളിഞ്ഞുകാണുന്നതെന്ന് സിപിഎം നേതാവ് തോമസ് ഐസക് പറയുന്നു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍ച്ചോരയില്ലായ്മ തുടരുന്നു. വയനാട് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് വന്ന ഹെലിക്കോപ്റ്ററു കളുടെ എയര്‍ബില്‍ കേരളത്തിന്റെ ദുരന്തനിവാരണ നിധിയില്‍നിന്ന് കേന്ദ്രം ഈടാക്കി. 153.47 കോടി രൂപയാണ് തിരിച്ചുപിടിച്ചത്. വയനാട് ദുരന്തബാധിതരെ പുനരധിവസിക്കാന്‍ കേന്ദ്രസഹായത്തിനുവേണ്ടി കേരളം യാചിച്ചു നില്‍ക്കുമ്പോഴാണ് ഈ തുക പിടിച്ചുപറിച്ചത്. ദുരന്തമുഖത്തെ പിടിച്ചുപറിയ്ക്ക് ചമ്പല്‍ക്കൊള്ളക്കാര്‍ പോലും മടിക്കും. ദൗര്‍ഭാഗ്യവശാല്‍ അവരെക്കാള്‍ കണ്ണില്‍ച്ചോരയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നത്.
2018ലെ പ്രളയകാലത്തും നാം ഈ നീതിനിഷേധത്തിന് ഇരയായിരുന്നു. അന്ന് ദുരന്തബാധിതര്‍ക്ക് സൗജന്യമായി വിതരണം ചെയ്ത 89540 മെട്രിക് ടണ്‍ റേഷനരിയുടെ പണം ഇതുപോലെ കേന്ദ്രം കവര്‍ന്നിരുന്നു. 202 കോടി രൂപയാണ് നാം കൊടുക്കേണ്ടി വന്നത്.പ്രളയബാധിതര്‍ക്ക് സൗജന്യമായാണ് അരി വിതരണം ചെയ്തതെന്നും സംസ്ഥാനത്തോട് ദയ കാണിക്കണമെന്നും സംസ്ഥാനം തുടര്‍ച്ചയായി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. പക്ഷേ, വഴങ്ങിയില്ല. ഈ അഭ്യര്‍ത്ഥന ഉന്നയിച്ച് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയ്ക്ക് പലവട്ടം കത്തെഴുതി. കഠിനഹൃദയരുടെ കരളലിഞ്ഞതേയില്ല.പണം അടച്ചില്ലെങ്കില്‍ കേന്ദ്ര ഭക്ഷ്യ സബ്‌സിഡിയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അന്ത്യശാസനം മുഴക്കിയതോടെ മുഴുവന്‍ തുകയും കേരളം നല്‍കേണ്ടി വന്നു.
അന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലിക്കോപ്റ്ററിന്റെയും വ്യോമസേനാവിമാനങ്ങളുടെയും എയര്‍ബില്‍ കേരളത്തെക്കൊണ്ട് കൊടുപ്പിച്ചു. രണ്ടിനുംകൂടി 59 കോടിയാണ് നമ്മുടെ കൈയില്‍നിന്ന് പിടിച്ചുപറിച്ചത്. ഇപ്പോഴിതാ, 153.47 കോടിയും.ദുരന്തം അതിജീവിക്കാന്‍ ഒരു പണം അധികം തരാന്‍ തയ്യാറല്ല. അതിനു പുറമെയാണ് കേന്ദ്രമന്ത്രിമാരടക്കം രംഗത്തിറങ്ങി കേരളത്തിനെതിരെ നടത്തുന്ന വിദ്വേഷപ്രചരണം. എന്നിട്ട് കണ്ണില്‍ച്ചോരയില്ലാത്ത പിടിച്ചു പറിയും.ഈ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തില്‍ ഇരമ്പുകയാണ്. നീതിനിഷേധത്തിന്റെ ഈ ഉരുള്‍പൊട്ടലിനെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും അതിജീവിക്കുകയും വേണം.