ഡല്‍ഹി: ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികദിനമായ നവംബർ 26 ന് പാർലമെന്‍റില്‍ നടക്കുന്ന ചടങ്ങില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ലാത്തതില്‍ പ്രതിഷേധം.ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതില്‍നിന്ന് രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കിയ നടപടിക്കെതിരേ പ്രതിപക്ഷ “ഇന്ത്യ’മുന്നണിയിലെ നേതാക്കള്‍ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തെഴുതി. ഇരുസഭകളിലെയും പ്രതിപക്ഷസ്ഥാനം ഭരണഘടനാപരമായ പദവിയാണെന്നും അർഹമായ പ്രാധാന്യം നല്‍കി ചടങ്ങിനെ അഭിസംബോധന ചെയ്യാനായി ക്ഷണം നല്‍കണമെന്നും പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും പ്രധാനമന്ത്രി പ്രസംഗിക്കുക.
നിലവില്‍ രാഷ്‌ട്രപദി ദ്രൗപതി മുർമുവിനും ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമാണു പഴയ പാർലമെന്‍റ് കെട്ടിടത്തിലെ സെൻട്രല്‍ ഹാളില്‍ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കാനുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാല്‍ പ്രധാനമന്ത്രി ഇവിടെവച്ച് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യില്ലെന്ന് സൂചനയുണ്ട്. പകരം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാള്‍, ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് കപില്‍ സിബല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സുപ്രീംകോടതിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും പ്രധാനമന്ത്രി പ്രസംഗിക്കുക.
പ്രതിപക്ഷ നേതാക്കള്‍ക്കുകൂടി സംസാരിക്കാൻ അനുവാദം നല്‍കണം
ചടങ്ങില്‍ പ്രതിപക്ഷ നേതാക്കള്‍ക്കുകൂടി സംസാരിക്കാൻ അനുവാദം നല്‍കണമെന്ന് സ്പീക്കർക്കു നല്‍കിയ കത്തില്‍ എംപിമാരായ കനിമൊഴി, സുപ്രിയ സുലെ, പി. സന്തോഷ് കുമാർ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ഒപ്പുവച്ചു
