ഇംഫാല്‍: മണിപ്പുരിലെ ജിരിബാമില്‍ ആറ് പേരെ കൊലപ്പെടുത്തിയ കുക്കി തീവ്രവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ തീവ്രവാദികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ അതിയായ സങ്കടവും രോഷവും എനിക്കുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തിലും ഇത്തരം പ്രാകൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനമില്ല. കുറ്റകൃത്യം ചെയ്തവരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരും- ബിരേന്‍ സിംഗ് എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയ നടപടി മൂന്നു ദിവസത്തേക്കുകൂടി നീട്ടി.
ജിരിബാമിലെ സിആര്‍പിഎഫിന്‍റെ ദ്രുതഗതിയിലുള്ള നടപടിയെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെയും ബിരേന്‍ സിംഗ് അഭിനന്ദിച്ചു. അതേസമയം, മണിപ്പുരിലെ ഏഴ് ജില്ലകളില്‍ ബ്രോഡ്ബാൻഡ്- മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയ നടപടി മൂന്നു ദിവസത്തേക്കുകൂടി നീട്ടി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്കിംഗ്, ബിഷ്ണുപുര്‍, തൗബാല്‍, ചുരാചന്ദ്പുര്‍, മണിപ്പുരിലെ കാങ്പോക്പി എന്നീ പ്രദേശങ്ങളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്
