കൊടുങ്ങല്ലൂരിലും വഖഫ് ഭീഷണി

കൊച്ചി: വര്‍ഷങ്ങളായി താമസിക്കുന്ന സ്വന്തം പേരിലുള്ള കിടപ്പാടങ്ങള്‍ വഖഫ് ഭൂമിയാണെന്ന അവകാശവാദത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ആറ് കുടുംബങ്ങള്‍. കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം കൂളിമുട്ടം വില്ലേജിലാണ് ദളിത് കുടുംബമുള്‍പ്പടെയുള്ള താമസക്കാര്‍ വഖഫ് അവകാശവാദത്തിന്‍റെ പേരില്‍ കുടിയിറക്കുഭീഷണി നേരിടുന്നത്. രണ്ടര സെന്‍റ് മുതല്‍ 32 സെന്‍റ് വരെ സ്വന്തമായുള്ള കുടുംബങ്ങള്‍ ഇവിടെ വഖഫ് കുരുക്കിലുണ്ട്. സ്വന്തം വീടും സ്ഥലവും വില്‍ക്കാനോ കൈമാറാനോ സാധിക്കാത്ത സ്ഥിതിയിലാണു തങ്ങളെന്നു ഭൂവുടമകള്‍ പറയുന്നു.

ആറ് വീട്ടുകാരുടേതിനു പുറമെ, സമീപത്തെ പതിനഞ്ച് പേരുടെ ഭൂമിയും വഖഫാണെന്ന അവകാശവാദം

പ്രദേശവാസിയായ അഹമ്മദ്കുട്ടി വാത്തിയേടത്തില്‍നിന്നു നിയമപരമായി വാങ്ങിയ 2.16 ഏക്കര്‍ ഭൂമിയുടെ പേരിലാണ് വഖഫ് അവകാശവാദമെന്നു താമസക്കാര്‍ പറയുന്നു. ആറ് വീട്ടുകാരുടേതിനു പുറമെ, സമീപത്തെ പതിനഞ്ച് പേരുടെ ഭൂമിയും വഖഫാണെന്ന അവകാശവാദം വഖഫ് ട്രൈബ്യൂണലില്‍ ബോർഡ് ഉന്നയിച്ചിട്ടുണ്ട്. അഹമ്മദ്കുട്ടിയുടെ മകൻ ഹംസയുടെ ഭൂമിയിലുമുണ്ട് വഖഫ് അവകാശവാദം.

അഹമ്മദ്കുട്ടി തന്‍റെ പേരിലുള്ള ഏതാനും ഏക്കർ ഭൂമി നേരത്തെ പള്ളി നിര്‍മിക്കാനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി മഹല്ല് കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇതിനു പുറമേയുള്ള ഭൂമിയാണ് ഇപ്പോഴത്തെ താമസക്കാരുള്‍പ്പടെയുള്ളവർക്കു റവന്യു അവകാശങ്ങളോടെ നിയമപരമായി രജിസ്‌ട്രേഷന്‍ നടത്തി കൈമാറിയതെന്നു ഹംസ പറയുന്നു. 2.16 ഏക്കറിലുള്ള വഖഫ് ബോര്‍ഡിന്‍റെ അവകാശവാദത്തിനെതിരേ ഹംസ വഖഫ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. മഹല്ല് കമ്മിറ്റിയോടും വഖഫ് ബോര്‍ഡിനോടും സ്ഥലം വഖഫാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നല്‍കിയിട്ടില്ലെന്നു ഹംസ ചൂണ്ടിക്കാട്ടുന്നു. ഇരിങ്ങാലക്കുട സബ് കോടതിയിലും ഹൈക്കോടതിയിലും ഇതു സംബന്ധിച്ച കേസുകള്‍ നിലവിലുണ്ട്.

കൂളിമുട്ടം വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ വഖഫ് അവകാശവാദം

കൂളിമുട്ടത്ത് ജനകീയ സമിതിയും പ്രക്ഷോഭരംഗത്തുണ്ട്. കൂളിമുട്ടം വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ വഖഫ് അവകാശവാദത്തിന്‍റെ പേരില്‍ പ്രതിസന്ധിയിലായ ഭൂവുമുടകളുണ്ടെന്നു സമിതി പ്രവർത്തകനായ റിജേഷ് ചൂണ്ടിക്കാട്ടി. മുനമ്പം സമരത്തിന് ഐക്യദാർഢ്യമറിയിക്കാനെത്തിയ കൂളിമുട്ടം ജനകീയ സമിതി സംഘത്തിലുള്‍പ്പെട്ട ആറാട്ടുകടവ് തറയില്‍ ബാലൻ (75) മടക്കയാത്രയില്‍ കുഴഞ്ഞുവീണു മരിച്ചത് കഴിഞ്ഞ ദിവസമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →