കൊച്ചി: പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെ പറ്റിയും എന്ത് കരുതുമെന്ന ചോദ്യമുയര്‍ത്തി ഹൈക്കോടതി.ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവത്തിലാണ് ഹൈക്കോടതിയുടെ പരാമർശം.കഴിഞ്ഞ ആഴ്ചയാണ് പുതുക്കി പണിയാനായി തുറന്നിട്ട കാനയില്‍ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടിയത് . സംഭവം നാണക്കേടാണെന്ന് പറഞ്ഞ കോടതി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലത്ത് എങ്ങനെ ടൂറിസം വളരും
നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലമെന്ന് ജനങ്ങള്‍ കരുതുന്ന സ്ഥലത്ത് എങ്ങനെ ടൂറിസം വളരുമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു. റോഡുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം. അരൂര്‍- തുറവൂര്‍ ദേശീയ പാതയുടെ നിര്‍മ്മാണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് അമിക്കസ് ക്യൂറിക്ക് കോടതി നിര്‍ദ്ദേശം നല്കി.
