മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച്‌ സമരം ചെയ്യാനാവില്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍

കൊച്ചി: വഖഫ് മന്ത്രി വി അബ്ദുറഹിമാനെതിരെ സിറോ മലബാർ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍. മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച്‌ സമരം ചെയ്യാനാവില്ലെന്നും ഖദറിട്ട് സമര പന്തലില്‍ വരാനാവില്ലെന്നും ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നു എന്ന വഖഫ് മന്ത്രിയുടെ പരാമർശത്തിനായിരുന്നു മേജർ ആർച്ച്‌ ബിഷപ്പിന്റെ മറുപടി. ‘ഞങ്ങള്‍ സമരക്കാരുടെ ഇടയന്മാരാണ്. ജനങ്ങളുടെ കൂടെ നില്‍ക്കുന്നില്ലെങ്കില്‍ ഒറ്റുകാരാകും’- അദ്ദേഹം പറഞ്ഞു.

അവസാനത്തെയാളും മരിച്ചുവീഴും വരെ പോരാടും.

മുനമ്പത്ത് നിരാഹാര സമരപ്പന്തലിലെത്തിയ മാർ റാഫേല്‍ തട്ടില്‍ സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചു. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തില്‍ ഏതറ്റം വരെ പോകേണ്ടി വന്നാലും സിറോ മലബാർ സഭ ഒപ്പമുണ്ടാകുമെന്നും മേജർ ആർച്ച്‌ ബിഷപ്പ് പറഞ്ഞു. സത്യഗ്രഹമെന്ന വലിയ സമരമുറ ഉപയോഗിച്ച്‌ അവസാനത്തെയാളും മരിച്ചുവീഴും വരെ പോരാടും. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണക്കു ചോദിക്കാൻ ജനങ്ങള്‍ക്ക് വിവേകമുണ്ടാകണം

മുനമ്പത്തെ പ്രശ്നം രാഷ്ട്രീയപാർട്ടികള്‍ക്ക് പ്രശ്നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകും. ഓർക്കേണ്ട കാര്യങ്ങള്‍ ഓർത്ത് കണക്കു ചോദിക്കാൻ ജനങ്ങള്‍ക്ക് വിവേകമുണ്ടാകണം. ബാലറ്റ് പേപ്പർ കിട്ടുമ്പോള്‍ എല്ലാത്തവണയും വോട്ടു ചെയ്ത് പരിചയമുള്ളവർക്ക് വോട്ടുചെയ്യണമെന്ന് ഇത്തവണ നിർബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും ഞങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ തെളിയിക്കണം. ആയിരം കേന്ദ്രങ്ങളില്‍ ഞായറാഴ്ച കത്തോലിക്ക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിജ്ഞ ചൊല്ലല്‍ നടത്തും

Share
അഭിപ്രായം എഴുതാം