ഹണിട്രാപ്പ് : രണ്ടരക്കോടി രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

തൃശൂര്‍: വാട്ട്‌സാപ്പ് വീഡിയോ കോളിലൂടെ നഗ്‌നശരീരം കാണിച്ച്‌ വ്യാപാരിയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി ഒറ്റയില്‍പടിതറ്റില്‍ ഷെമി (38), പെരിനാട് മുണ്ടക്കല്‍ തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 6 ന് അങ്കമാലിയിൽ വച്ച് തൃശൂർ വെസ്റ്റ് പൊലീസ് ആണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

2020ലാണ് കേസിനാസ്പദമായ സംഭവം.

വ്യാപാരിയെ വാട്ട്‌സാപ് വഴി പരിചയപ്പെട്ട ഷെമി എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചത്. പിന്നീട് വിഡിയോ കോളുകളിലൂടെ നഗ്‌നശരീരം കാണിച്ച്‌ വ്യാപാരിയെ കുടുക്കുകയും ചാറ്റുകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുകകള്‍ കൈപ്പറ്റാന്‍ തുടങ്ങുകയുമായിരുന്നു. പണം തീര്‍ന്നതോടെ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ വരെ പിന്‍വലിച്ചും ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും പണം നല്‍കി. യുവതി പണം ആവശ്യപ്പെടല്‍ നിർത്താതെ വന്നതോടെ മകനെ വിവരം ധരിപ്പിച്ചു. മകനും വ്യാപാരിയും വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു..

പ്രതികളെ റിമാൻഡില്‍ വിട്ടു

പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ കൊല്ലം പനയത്തുള്ള അഷ്ടമുടിയില്‍ ആഡംബര ജീവിതം നയിച്ചുവരുകയാണെന്ന് മനസ്സിലാക്കി. അന്വേഷണം നടക്കുന്നതറിഞ്ഞ ഇരുവരും ഒളിവില്‍ പോയി. പ്രതികള്‍ വയനാട്ടില്‍ ഉള്ളതായി അറിഞ്ഞ പൊലീസ് ഇവിടെ എത്തുംമുമ്ബ് ദമ്പതികള്‍ രക്ഷപ്പെട്ടു. തുടർന്ന് അങ്കമാലിയില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. വ്യാപാരിയില്‍നിന്നു തട്ടിയ പണംകൊണ്ട് വാങ്ങിയ 82 പവൻ സ്വർണാഭരണം, ഇന്നോവ കാർ, ടയോട്ട ഗ്ലാൻസ കാർ, മഹീന്ദ്ര ഥാർ ജീപ്പ്, മേജർ ജീപ്പ്, എൻഫീല്‍ഡ് ബുള്ളറ്റ് എന്നിവയും പൊലീസ് കണ്ടെടുത്തു. പ്രതികളെ റിമാൻഡില്‍ വിട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →