തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ വിലയേറിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കേടായതെങ്ങനെയെന്ന് വിദഗ്ദ്ധസമിതി അന്വേഷിച്ച് രണ്ടുമാസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
.പുറമെനിന്നുള്ള വിദഗ്ദ്ധൻ കൂടി സമിതിയിലുണ്ടാവണമെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ജി.എസ്.ശ്രീകുമാർ, ജോസ് വൈ. ദാസ് എന്നിവരുടെ പരാതിയിലാണ് നടപടി. 2025 ജനുവരിയില്‍ കേസ് വീണ്ടും പരിഗണിക്കും.
സംഭവത്തിൽ സീനിയർ ഫാക്കല്‍റ്റിമാർക്ക് എതിരെയെടുത്ത നടപടികളും അറിയിക്കണം.
30 ഡിഗ്രി ടെലിസ്കോപ്പ്, ലൈറ്റ് സോഴ്സ് കേബിള്‍ എന്നിവ കേടാകുന്നതിന് മുമ്പും ശേഷവും പ്രതിമാസം എത്ര ശസ്ത്രക്രിയകള്‍ നടന്നെന്ന് അറിയിക്കണം. ചട്ടലംഘനം നടത്തിയ സീനിയർ ഫാക്കല്‍റ്റിമാർക്ക് എതിരെയെടുത്ത നടപടികളും അറിയിക്കണം. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ കമ്മിഷനെ അറിയിച്ചു. ആശുപത്രി വികസന സമിതി ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് കേടായത്. സങ്കീർണവും വിലയേറിയതുമായ ഉപകരണങ്ങള്‍ അത്യധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെങ്കിലും അശ്രദ്ധയുണ്ടായി
സീനിയർ യൂറോളജി ഫാക്കല്‍റ്റികള്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്
ശസ്ത്രക്രിയാ ദിവസവും ലൈറ്റ് കേബിള്‍ സോഴ്സ് കേടായി. ഉപകരണങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച് വകുപ്പ് മേധാവി ഫാക്കല്‍റ്റിക്കും നഴ്സിംഗ് അസിസ്റ്റന്റുമാർക്കും മാർഗനിർദ്ദേശങ്ങള്‍ നല്‍കിയിരുന്നില്ല. ഓപ്പറേഷൻ തിയേറ്ററില്‍ സീനിയർ യൂറോളജി ഫാക്കല്‍റ്റികള്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിയുണ്ടെന്നും ഡയറക്ടറുടെ റിപ്പോർട്ടിലുണ്ട്. ഉപകരണങ്ങള്‍ മനഃപൂർവം കേടാക്കിയതാണോയെന്ന് അന്വേഷിക്കണമെന്ന് വകുപ്പുതല അന്വേഷണ കമ്മിഷൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.