തൊടുപുഴ: ഉപജീവനമാർഗമായ ഉന്തുവണ്ടി നഗരസഭാ അധികൃതർ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിലെത്തി. 2024 നവംബർ 2ന് രാവിലെ പത്ത് മണിയോടെയാണ് തൊടുപുഴ കോലാനി സ്വദേശിയായ ശശിധരൻ നായർ (73). ഓഫീസിലെത്തിയത് വിഷമാണെന്ന് പറഞ്ഞ് ചെറിയ കുപ്പിയില്‍ കറുത്ത പാനീയവും ഒരു മുഴം കയറും കൈയിൽ കരുതിയിരുന്നു.
ലൈസൻസില്ലെന്ന കാരണം പറഞ്ഞ് നഗരസഭ ഇദ്ദേഹത്തിന്റെ നാരങ്ങാവെള്ള കച്ചവടം പൂട്ടിച്ചു.
ശശിധരൻ നേരത്തെ വെങ്ങല്ലൂർ- കോലാനി ബൈപ്പാസ് റോഡില്‍ ഉന്തുവണ്ടിയില്‍ നാരങ്ങാവെള്ളം വിറ്റിരുന്നു. ലൈസൻസില്ലെന്ന കാരണം പറഞ്ഞ് നഗരസഭ ഈ കച്ചവടം പൂട്ടിച്ചു. തുടർന്ന് ഏഴ് മാസത്തോളമായി ഉന്തുവണ്ടി ബൈപ്പാസ് റോഡരികില്‍ പെട്രോള്‍ പമ്പിന് സമീപത്തായി ഒതുക്കിയിട്ടിരിക്കുകയായിരുന്നു.നഗരസഭാ അധികൃതരുടെ അനുമതിയോടെയാണ് ഉന്തുവണ്ടി ഇവിടെയിട്ടിരുന്നതെന്ന് ശശിധരൻ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നഗരസഭാ അധികൃതർ ഈ ഉന്തുവണ്ടി പിടിച്ചെടുത്തു. ഇത് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വയോധികൻ നഗരസഭാ സെക്രട്ടറിയുടെ ക്യാബിന് മുന്നില്‍ ആത്മഹത്യാഭീഷണിയുമായെത്തിയത്.
പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്കി പോലീസ്
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൊടുപുഴ പൊലീസ് ശശിധരന്റെ കൈയില്‍ നിന്ന് കുപ്പി കൈക്കലാക്കി. തുടർന്ന് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്കി ശശിധരനെ സമാധാനിപ്പിച്ച് സ്റ്റേഷനിലെത്തിച്ചു. അടുത്ത ദിവസം തന്നെ വണ്ടി എടുത്ത സ്ഥലത്ത് കൊണ്ടുവന്ന് ഇടാമെന്ന് നഗരസഭാ അധികൃതർ ഉറപ്പ് നല്‍കിയതോടെ പ്രശ്നം പരിഹരിച്ചു. ഉന്തുവണ്ടിയില്‍ ഇന്ന് തന്നെ തിരികെ നല്‍കിയില്ലെങ്കില്‍ നാളെ വീണ്ടും നഗരസഭയിലെത്തി സമരം ആരംഭിക്കുമെന്ന് ശശിധരൻ പറഞ്ഞു