തൃശൂർ:പൂരനഗരിയിലേക്കു താനെത്തിയതു ബിജെപി അധ്യക്ഷന്‍റെ കാറിലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.ആംബുലൻസില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാർഥ കാഴ്ചയാണോ എന്നൊക്കെ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാൻ സാധിക്കില്ല.: അതിനു സിബിഐ വരണം. നേരിടാൻ ഞാൻ തയാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്തണം. കേരളത്തിലെ മുൻമന്ത്രിയും ഇപ്പോഴത്തെ മന്ത്രിമാരുമടക്കം പലരും ചോദ്യംചെയ്യപ്പെടാൻ യോഗ്യരാണെന്ന ഭയം അവർക്കുണ്ട്. ചങ്കൂറ്റമുണ്ടെങ്കില്‍ സിബിഐക്കു വിടൂ. തിരുവമ്പാടിയും പാറമേക്കാവും അവരുടെ സത്യം പറയട്ടെയെന്നും പൂരം കലക്കല്‍ നല്ല ടാഗ്‌ലൈൻ ആണെന്നും സുരേഷ് ഗോപി പറഞ്ഞു. ചേലക്കര എൻഡിഎ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വൻഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനകീയപ്രശ്നങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണിത്.
രണ്ടു ദിവസംമുമ്പാണ് പൂരം കലക്കിയിട്ടില്ലെന്ന് ഒരു മഹാൻ വിളിച്ചുപറഞ്ഞത്. അദ്ദേഹത്തിന്‍റെ കീഴിലുള്ള പോലീസാണ് എഫ്‌ഐആർ ഇട്ടത്. ഇതില്‍ ഏതാണു വിശ്വസിക്കേണ്ടത്? ജനകീയപ്രശ്നങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണിതെന്നും ബിജെപിക്കു വളരാൻ മണ്ണൊരുക്കിയത് ഇടതും വലതും ചേർന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ദുഷിച്ച രാഷ്ട്രീയത്തിന്‍റെ ചോര എന്‍റെ കുടുംബത്തില്‍ ഇല്ല
സിനിമയില്‍നിന്ന് ഇറങ്ങാൻ തനിക്കു സൗകര്യമില്ല. സിനിമ തന്‍റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിന്‍റെ ചോര എന്‍റെ കുടുംബത്തില്‍ ഇല്ല. ചോരക്കൊടിയേന്തിയവരുടെ രാഷ്ട്രീയം എത്രപേരെ കൊന്നെന്നും നവീൻ ബാബു വിഷയം ഉയർത്തി അദ്ദേഹം ചോദിച്ചു. മൂന്നാം മോദി സർക്കാർ വന്നശേഷം ഒരുത്തനും മണിപ്പുരിനെക്കുറിച്ചു മിണ്ടുന്നില്ല. അടിച്ചേല്പിച്ച തെരഞ്ഞെടുപ്പാണ് ചേലക്കര യിലേതെന്നും അദ്ദേഹം പറഞ്ഞു