തിരുവല്ല : അവകാശ സമരങ്ങളിലൂടെ നഴ്സുമാർ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാൻ സമയമായെന്നും നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാൻ ഇടപെടുമെന്നും സംസ്ഥാന വനിതാകമ്മീഷൻ ചെയർപേഴ്സണ്‍ അഡ്വ.പി.സതീദേവി . ഒക്ടോബർ 28 ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ വനിതാകമ്മീഷൻ സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സമൂഹം പരിശോധിക്കണം.
നഴ്സുമാരുടെ തൊഴില്‍പരമായ സാഹചര്യം പുരോഗമിക്കപ്പെട്ടുന്നുണ്ടോയെന്ന് സമൂഹം പരിശോധിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന വനിതാകമ്മീഷൻ നടത്തിയ ഇടപെടല്‍ ദേശീയ വനിതാകമ്മീഷൻ ചോദിച്ചറിഞ്ഞിട്ടുണ്ട്. ആശുപത്രികളിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റികളും അവയുടെ പ്രവർത്തനവും തുടങ്ങി എല്ലാവിഷയവും ചർച്ച ചെയ്യപ്പെടും. അതില്‍നിന്ന് ഉരുത്തിരിയുന്ന നിർദ്ദേശങ്ങള്‍ സർക്കാരിന് സമർപ്പിക്കും. അവ നടപ്പിലാക്കാൻ വനിതാകമ്മീഷൻ ശ്രമിക്കുമെന്നും അഡ്വ.പി.സതീദേവി പറഞ്ഞു.
വൈ.എം.സി.എ ഹാളില്‍ നടന്ന പബ്ലിക് ഹിയറിംഗില്‍ വനിതാകമ്മീഷൻ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എലിസബത്ത് മാമൻ മത്തായി, വി.ആർ.മഹിളാമണി, ഷാജി സുഗുണൻ, എസ്. സുരാജ്, യു.എൻ.എ ഭാരവാഹികളായ ജോണ്‍ മുക്കത്ത് ബഹനാൻ, റെജി ജോണ്‍, ലിൻസി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചകള്‍ക്ക് വനിതാകമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ.അർച്ചന നേതൃത്വം നല്‍കി.