കെ.എസ്.ആർ.ടിസിക്ക് നഗരസഭ വാങ്ങി നല്‍കിയ ഇലക്‌ട്രിക്ക് ബസുകള്‍ ഇനി സിറ്റിക്കുളളിൽമാത്രം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓടിക്കാൻ സ്‌മാർട്ട് സിറ്റി വഴി കെ.എസ്.ആർ.ടിസിക്ക് നഗരസഭ വാങ്ങി നല്‍കിയ 113 ഇലക്‌ട്രിക്ക് ബസുകള്‍ നഗരം വിട്ട് ഓടിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ ഉറപ്പുനല്‍കി. ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2024 ഒക്ടോബർ 24ന് ചേർന്ന അഡ്വൈസറി ബോർഡ് യോഗത്തിലാണ് ഇക്കാര്യം അധികൃതർ നഗരസഭയെ അറിയിച്ചത്.

കെ.എസ്.ആർ.ടി.സിയുടെ ഇലക്‌ട്രിക്ക് ബസുകൾ പണിമുടക്കിയ സാഹചര്യത്തിലാണെന്ന വിശദീകരണം.

കെ.എസ്.ആർ.ടി.സിയുടെ ഇലക്‌ട്രിക്ക് ബസുകളില്‍ ചിലത് പണിമുടക്കിയ സാഹചര്യത്തിലാണ് നഗരസഭ വാങ്ങിനല്‍കിയ ബസുകള്‍ ജില്ല വിട്ട് ഓടിച്ചതെന്ന് കെ.എസ്.ആർ.ടി.സി വിശദീകരണം നല്‍കി.നഗരസഭാ തലത്തില്‍ ബസുകളുടെ ജി.പി.എസ് പരിശോധിച്ചപ്പോഴാണ് 20 ബസുകളിലധികം കൊല്ലം വരെ സർവീസ് നടത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയത്.ഇനി ഇത്തരത്തില്‍ പ്രതിസന്ധിയുണ്ടെങ്കില്‍ നഗരസഭയുടെ അനുവാദം വാങ്ങിയശേഷം മാത്രമേ തുടർപ്രവർത്തനങ്ങള്‍ നടത്തുകയുള്ളൂവെന്നും അധികൃതർ മേയർ ആര്യാ രാജേന്ദ്രനെ അറിയിച്ചു.

കെ.എസ്.ആർ.ടി.സി കരാറൊന്നും പാലിച്ചിട്ടില്ലെന്ന് ആരോപണം

നിലവില്‍ 80 ബസുകളുടെ ജി.പി.എസ് അക്സസ് മാത്രമേ നഗരസഭയ്ക്കുള്ളൂ. ബാക്കിയുള്ള 33 ബസുകളിലെ ജി.പി.എസ് നഗരസഭ ഇന്റഗ്രേറ്റഡ് കമാൻഡ് കണ്‍ട്രോള്‍ കേന്ദ്രം വഴി ബന്ധിപ്പിക്കാനും 24 ന് നടന്ന യോഗത്തില്‍ ധാരണയായി.ബസുകള്‍ കൈമാറിയപ്പോള്‍ നഗരസഭയും സ്മാർട്ട് സിറ്റിയും കെ.എസ്.ആർ.ടി.സിയുമായി പ്രത്യേക ത്രികക്ഷി കരാറിലേർപ്പെട്ടിരുന്നു. എന്നാല്‍ നാളിതുവരെ കെ.എസ്.ആർ.ടി.സി കരാറൊന്നും പാലിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ ആരോപണം. നഗരത്തിലെ എല്ലാ ഡിപ്പോകളില്‍ നിന്നുമുള്ള ഇ – ബസുകളും നഗരത്തിന് പുറത്ത് ഓടിച്ചിരുന്നു. ആറ്റിങ്ങല്‍,കൊല്ലം റൂട്ടായിരുന്നു കൂടുതല്‍.

റൂട്ട് നിരീക്ഷണം ശക്തമാക്കി നഗരസഭ

മന്ത്രിതലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റൂട്ട് മാറ്റി ഓടിക്കുന്നതെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം.പരാതി വന്നത് മുതല്‍ നഗരസഭ വാങ്ങി നല്‍കിയ കെ.എസ്.ആർ.ടി.സി ബസുകളുടെ റൂട്ട് നിരീക്ഷണവും നഗരസഭ ശക്തമാക്കി. ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ് വഴി നഗരസഭയില്‍ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് കണ്‍ട്രോള്‍ കേന്ദ്രം വഴിയാണ് നിരീക്ഷിച്ചിരുന്നത്.റൂട്ട് തെറ്റി ബസ് ഓടിച്ചാല്‍ കമാൻഡ് കേന്ദ്രം ഉദ്യോഗസ്ഥർ മേയർ തലത്തില്‍ റിപ്പോർട്ട് നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →