കൊച്ചി: ക്ഷേത്രത്തിനുള്ളില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫ്ലക്സ് ബോർഡ് വച്ച സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.റോഡരികില്‍ വച്ചിരിക്കുന്നതു പോലെയാണ് ക്ഷേത്രത്തിനുള്ളില്‍ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നതെന്നും ദേവസ്വം ബോർഡിന്റേതായാലും ക്ഷേത്രത്തിനകത്തല്ല ഫ്ലക്സ് ബോർഡ് വയ്‌ക്കേണ്ടതെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഉദ്ഘാടകനായ പരിപാടിയുടെ ഫ്ലക്സ് ബോർഡുകൾ വിവിധ ക്ഷേത്രങ്ങളില്‍
തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകൃതമായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ പരിപാടിയുടെ ഫ്ലക്സ് ബോർഡുകളാണ് വിവിധ ക്ഷേത്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിനകത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച ഹൈക്കോടതി കടുത്ത നിലപാടും സ്വീകരിച്ചു. ഫ്ലക്സ് ബോർഡ് ദേവസ്വം ബോർഡിന്റേതോ ആരുടേതോ ആയിക്കോട്ടെ ക്ഷേത്രത്തിനകത്തല്ല അവ സ്ഥാപിക്കേണ്ടതെന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു.
മറ്റൊരു സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഹൈക്കോടതി ഓർമ്മിപ്പിച്ചു
റോഡരികില്‍ വച്ചിരിക്കുന്നതുപോലെയാണ് ക്ഷേത്രത്തിനകത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം സാധനങ്ങള്‍ ക്ഷേത്ര പരിസരങ്ങളില്‍ വയ്‌ക്കാനുള്ളതല്ലെന്നും വ്യക്തമാക്കി. ഫ്ലക്സ് ബോർഡ് വിഷയം മറ്റൊരു ബഞ്ചിന്റെ പരിഗണനയിലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രൻ ഓരോ അനധികൃത ഫ്ലക്സ് ബോർഡിനും 5000 രൂപ പിഴയീടാക്കണമെന്ന മറ്റൊരു സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് ഓർമ്മിപ്പിക്കുകയും ചെയ്തു.
ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ പ്രകാരം
2024 ഒക്ടോബർ 17 നാണ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എല്ലാ ക്ഷേത്രങ്ങളിലും മുഖ്യമന്ത്രിയുടെ ചിത്രം അടങ്ങിയ ഫ്ലക്സ് ബോർഡ് സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ ഇറക്കിയത്. ഇതു പ്രകാരം പരിപാവനമായ ക്ഷേത്രത്തിനകത്ത് വരെ ഫ്ലക്സ് ബോർഡുകള്‍ നിറയുകയായിരുന്നു