ഇടുക്കി: കൈക്കൂലി കേസില്‍ ഇടുക്കി ഡിഎംഒയ്ക്കൊപ്പം അറസ്റ്റിലായ രാഹുല്‍ രാജിന്റെ അക്കൗണ്ടിലേക്ക് മൂന്ന് വർഷത്തിനിടെ രണ്ട് കോടിയിലധികം രൂപ എത്തിയതായി വിജിലൻസിന്റെ പരിശോധനയില്‍ കണ്ടത്തി. പണമിടപാടുകള്‍ സംബന്ധിച്ച് വിജിലൻസ് വിശദമായ അന്വേഷണം തുടങ്ങി. രാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. രാഹുല്‍ രാജിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയില്‍ ഹാജരാക്കിയ രാഹുല്‍ രാജിനെ റിമാൻഡ് ചെയ്തു.
എൻഒസി നല്‍കുന്നതിന് 75,000 രൂപ കൈക്കൂലി
2024 ഒക്ടോബർ 9-ാം തീയതിയാണ് ചിത്തിരപുരത്തുള്ള പനോരമിക് ഗേറ്റവേ എന്ന റിസോർട്ടിന് ശുചിത്വവുമായി ബന്ധപ്പെട്ട എൻഒസി നല്‍കുന്നതിന് 75,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഇടുക്കി ഡിഎംഒ ആയിരുന്ന എല്‍ മനോജിനെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഡ്രൈവറായ എരുമേലി പുഞ്ചവയല്‍ തെക്കേടത്ത് രാഹുല്‍ രാജിനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്.
ഡി.എം.ഒ 50,000 രൂപ കൈക്കൂലി വാങ്ങിയതായി മൂന്നാറിലെ അല്‍ ബുഹാരി ഹോട്ടലുടമ.
തന്റെയും താൻ ഡ്രൈവറായി ജോലി നോക്കുന്ന ഡോക്ടറുടെയും ബിസിനസില്‍ നിന്ന് ലഭിച്ച പണമാണിതെന്നാണ് രാഹുല്‍ രാജ് വിജിലൻസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതില്‍ കൈക്കൂലിപ്പണവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തത വരുത്താൻ പണം ഇട്ടവരുടെ വിവരങ്ങള്‍ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഡിഎംഒ മനോജിന്റെ അക്കൗണ്ടിലേക്ക് രാഹുല്‍ മുൻപ് പണം അയച്ചതിന്റെ തെളിവുകളും വിജിലൻസിന് കിട്ടിയിട്ടുണ്ട്. മനോജ് 50,000 രൂപ കൈക്കൂലി വാങ്ങിയതായി മൂന്നാറിലെ അല്‍ ബുഹാരി ഹോട്ടലുടമയും പരാതി നല്‍കിയിട്ടുണ്ട്.
.