ഡല്‍ഹി: ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി രണ്ടു മാസത്തിനകം പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി പരിഗണിക്കും.സംസ്ഥാന പദവി നല്‍കുന്നതിനുമുമ്പ് നിയമസഭ രൂപീകരിക്കുന്നത് ഇന്ത്യയുടെ ഭരണഘടനാ സംവിധാനത്തിന്‍റെ പ്രധാന ഘടകമായ ഫെഡറലിസത്തെ ബാധിക്കുമെന്ന് ഹർജിയില്‍ പറയുന്നു. കോളജ് അധ്യാപകനായ സഹൂർ അഹമ്മദും സാമൂഹ്യപ്രവർത്തകനായ ഖുർഷൈദ് അഹമ്മദ് മാലിക്കും നല്‍കിയ ഹർജി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരിക്കും പരിഗണിക്കുക.
സംസ്ഥാനപദവി പുനഃസ്ഥാപിക്കാൻ വൈകുന്നത് പ്രദേശത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കും
ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചിട്ടു പത്തു മാസമായിട്ടും സംസ്ഥാനപദവി തിരികെ നല്‍കാൻ കേന്ദ്രസർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹർജിക്കാർ വാദിച്ചു. സംസ്ഥാനപദവി പുനഃസ്ഥാപിക്കാൻ വൈകുന്നത് പ്രദേശത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനപദവി ജമ്മു കാഷ്മീരിലെ ജനങ്ങളുടെ ഭരണഘടനാ അവകാശം
ജമ്മു കാഷ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത് ഭരണഘടനാപരമായി തെറ്റായ നടപടിയാണെന്നും സംസ്ഥാനപദവി ഉടൻ പുനഃസ്ഥാപിക്കണമെന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.പ്രശ്നത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കാത്തതു ശരിയല്ലെന്നും സംസ്ഥാനപദവി ജമ്മു കാഷ്മീരിലെ ജനങ്ങളുടെ ഭരണഘടനാ അവകാശമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.