ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക കരിക്കുലംതയാറാകുന്നു

കണ്ണൂർ: ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക കരിക്കുലം തയാറാക്കുന്നതിനുള്ള ആലോചനയിലാണു സർക്കാരെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാരിന്‍റെ നൂറു ദിന കർമ പരിപാടികളില്‍ ഉള്‍പ്പെടുത്തി എസ്‌സിഇആർടിയും കണ്ണൂർ സർവകലാശാലയും സംയുക്തമായി പൂർത്തീകരിച്ച ഗവേഷണ പദ്ധതിയാണിത് . പദ്ധതിയുടെ ഉദ്ഘാടനം മാങ്ങാട്ടുപറമ്പ കാമ്പസില്‍ മന്ത്രി വി,ശിവൻകുട്ടി നിർവഹിച്ചു

സ്പെഷല്‍ സ്കൂളുകളിലെ അധ്യാപകരുടെ പരിശീലനം പൂർത്തിയായി.

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി കണ്ണൂർ സർവകലാശാല സ്‌കൂള്‍ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുമായി സഹകരിച്ചുകൊണ്ടാണ് സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ‘മൊബൈല്‍ ആൻഡ് ഐഒടി ഓഗ്മെന്‍റഡ് ലേണിംഗ്‌എൻവയണ്‍മെന്‍റ് ഫോർ സ്‌പെഷല്‍ എഡ്യുക്കേഷൻ’ എന്ന ഗവേഷണ പദ്ധതി പൂർത്തീകരിച്ചത്.സ്പെഷല്‍ സ്കൂളുകളിലെ അധ്യാപകരുടെ പരിശീലനം പൂർത്തിയായതായി മന്ത്രി പറഞ്ഞു.

ആർട്ടിഫിഷല്‍ ഇന്‍റലിജൻസിന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്തും.

രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായാണു ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്കായി ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്വല്‍ രൂപീകരിക്കുകയും നവംബറില്‍ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന കായികമേളയില്‍ ഇൻക്ലൂസീവ് സ്‌പോർട്‌സ് നടപ്പിലാക്കുകയും ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രീപ്രൈമറി മുതല്‍ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആർട്ടിഫിഷല്‍ ഇന്‍റലിജൻസിന്‍റെ സാധ്യതകളെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപയോഗപ്പെടുത്തും.
ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും ഈ മേഖലയില്‍ പരിശീലനം നല്കിക്കഴിഞ്ഞു. കുട്ടികള്‍ക്കായി റോബോട്ടിക് കിറ്റുകളും വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു.സർവകലാശാലയിലെ ഐടി വിദ്യാർഥികള്‍ തയാറാക്കിയ ആർടിസൈൻ സ്റ്റാർട്ടപ്പിന്‍റെ ലോഞ്ചിംഗ് മന്ത്രി നിർവഹിച്ചു.

ഗവേഷണ പദ്ധതിയുടെ ടീം അംഗങ്ങള്‍ക്കു മന്ത്രി സർട്ടിഫിക്കറ്റ് നല്‍കി.എം. വിജിൻ എംഎൻഎ അധ്യക്ഷനായിരുന്നു. കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രഫ. ജോബി കെ. ജോസ്, എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, കെ.പി. അനീഷ് കുമാർ, കെ.വി. പ്രമോദ്കുമാർ, കെ. ആര്യ തുടങ്ങിയവർ പങ്കെടുത്തു

Share
അഭിപ്രായം എഴുതാം