സിംഗപ്പൂർ : അബദ്ധവശാൽ സ്വന്തം ബാങ്ക് അക്കൗണ്ടിലെത്തിയ 16 ലക്ഷം രൂപ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇന്ത്യക്കാരന് തടവുശിക്ഷ. പെരിയസാമി മതിയഴഗന്‍ എന്ന 47കാരനാണ് സിംഗപ്പൂര്‍ കോടതി ശിക്ഷ വിധിച്ചത്. ഒന്‍പത് ആഴ്ചത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. പണം തന്റേതല്ലെന്ന് അറിഞ്ഞിട്ടും തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. അക്കൌണ്ടിലെത്തിയ പണം കടം വീട്ടാന്‍ ഉപയോഗിച്ചെന്നും ബാക്കി പണം നാട്ടിലെ കുടുംബത്തിന് അയച്ചെന്നും പെരിയസാമി മതിയഴഗന്‍ കോടതിയെ അറിയിച്ചു.
കമ്പനിയുടെ അക്കൌണ്ടിലേക്ക് ഇടേണ്ട 16 ലക്ഷം രൂപ അഡ്മിനിസ്ട്രേറ്റര്‍ തെറ്റായി പെരിയസാമിയുടെ അക്കൌണ്ടിലേക്ക് .അയച്ചു.
പെരിയസാമി 2021 മുതല്‍ 2022 വരെ സിംഗപ്പൂരിലെ ഒരു പ്ലംബിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. 2023 . ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കമ്പനിയിലെ അഡ്മിനിസ്ട്രേറ്റര്‍ കമ്പനിയുടെ അക്കൌണ്ടിലേക്ക് ഇടേണ്ട 16 ലക്ഷം രൂപ, തെറ്റി പെരിയസാമിയുടെ അക്കൌണ്ടിലേക്ക് അയച്ചു. കമ്പനിയുടെ ഡയറക്ടര്‍ പറയുമ്പോഴാണ് അക്കൌണ്ട് മാറിപ്പോയെന്ന് അഡ്മിനിസ്ട്രേറ്റര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് ബാങ്കിനെ ഇക്കാര്യം അറിയിച്ചു. ബാങ്ക് രേഖകളിലുണ്ടായിരുന്നത് പെരിയസാമിയുടെ ഓഫീസ് അഡ്രസാണ്. ആ വിലാസത്തില്‍ കത്തയച്ചിട്ട് മറുപടി ലഭിക്കാതിരുന്നതോടെ അഡ്മിനിസ്ട്രേറ്റര്‍ പരാതി നല്കി.
പെരിയസാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് പണം ചെലവായിപ്പോയെന്ന്
പെരിയസാമി അപ്പോഴേക്കും അക്കൌണ്ടിലെത്തിയ പണം മെയ് 11നും 12നുമായി വേറെ നാല് അക്കൌണ്ടുകളിലേക്ക് മാറ്റിയിരുന്നു. പണം ചെലവായിപ്പോയി എന്നാണ് പെരിയസാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പണം തിരികെ നല്കാന് സമയം ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ തിയ്യതിയിലും പണം തിരികെ നല്‍കാതിരുന്നതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
