നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി : നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ട്. നിർമിത ബുദ്ധിയുടെ സാങ്കേതിക ദാതാക്കള്‍ക്കു വിപണിയില്‍ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞേക്കാം. കുറച്ചു സാങ്കേതിക ദാതാക്കള്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ കോണ്‍സണ്‍ട്രേഷൻ റിസ്കുകള്‍ക്കും ഇടയാക്കും. ഇതില്‍ വ്യവസ്ഥാപരമായ അപകടസാധ്യതകളുണ്ടെന്ന് ഒക്ടോബർ 14 ന് റിസർവ് ബാങ്ക് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഉന്നതതല സമ്മേളനത്തില്‍ ഗവർണർ ശക്തികാന്ത ദാസ്. പറഞ്ഞു.

നിർമിത ബുദ്ധിയുടെ ദുരുപയോഗവും ഓണ്‍ലൈൻ തട്ടിപ്പുകളും കൂടിവരുന്നു

ഡിജിറ്റൈസേഷന്‍റെ കാലത്തു നിർമിത ബുദ്ധിയുടെ ദുരുപയോഗവും ഓണ്‍ലൈൻ തട്ടിപ്പുകളും കൂടിവരുന്നതിനാല്‍ ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നും റിസർവ് ബാങ്ക് ഗവർണർ ഓർമിപ്പിച്ചു. ആ​ഗോള ധനകാര്യ സേവനങ്ങളില്‍ നിർമിത ബുദ്ധിയുടെയും (എഐ) മെഷീൻ ലേണിംഗിന്‍റെയും വർധിച്ചുവരുന്ന ഉപയോഗം മൂലമുള്ള അപകടസാധ്യതകള്‍ ലഘൂകരിക്കാൻ ബാങ്കുകള്‍ക്കു മതിയായ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

നിർമിത ബുദ്ധിയുടെ ഉപയോഗത്തില്‍ പുതിയ അപകടങ്ങൾ

സൈബർ ആക്രമണങ്ങള്‍ക്കും ഡേറ്റാ ലംഘനങ്ങള്‍ക്കും അടക്കം നിർമിത ബുദ്ധിയുടെ ഉപയോഗത്തില്‍ പുതിയ അപകടങ്ങളുണ്ട്. ഈ സിസ്റ്റങ്ങളിലെ പരാജയങ്ങളോ തടസങ്ങളോ സാന്പത്തിക മേഖലയിലുടനീളം വ്യാപിച്ചേക്കാം. നിർമിത ബുദ്ധി സംവിധാനങ്ങളുടെ സുതാര‍്യതയില്ലായ്മ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമാക്കുന്നു. കടം കൊടുക്കുന്നയാളുടെ തീരുമാനങ്ങള്‍ അടക്കം സാമ്പത്തിക തീരുമാനങ്ങള്‍ നയിക്കുന്ന അല്‍ഗോരിതങ്ങള്‍ ഓഡിറ്റ് ചെയ്യുന്നതോ വ്യാഖ്യാനിക്കുന്നതോ ബുദ്ധിമുട്ടാണെന്നും ശക്തികാന്ത ചൂണ്ടിക്കാട്ടി. വ്യവസ്ഥാപരമായ അപകടസാധ്യതകള്‍ ഇതു വർധിപ്പിക്കുമെന്നും ദാസ് കൂട്ടിച്ചേർത്തു.

ഓണ്‍ലൈൻ ബാങ്കിംഗും സോഷ്യല്‍ മീഡിയയുടെ വ്യാപനവും മൂലം പണ കൈമാറ്റം നിമിഷങ്ങള്‍ക്കുള്ളില്‍ നടക്കുന്നു. അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും വളരെ വേഗത്തില്‍ പ്രചരിക്കുകയും ചെയ്യുന്നു. പണലഭ്യത സമ്മർദത്തിനു കാരണമാവുകയും ചെയ്യും.അതിനാല്‍ ബാങ്കുകളുടെ പണലഭ്യത ബഫറുകള്‍ ശക്തിപ്പെടുത്തണം. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ അപകടസാധ്യതകള്‍ക്കെതിരേ മതിയായ നടപടികള്‍ കൈക്കൊള്ളണമെന്ന് ദാസ് നിർദേശിച്ചു.

പണമയയ്ക്കലിന്‍റെ ചെലവും സമയവും കുറയ്ക്കാം

വിദേശത്തേക്കു പണം അയയ്ക്കുന്നതിന്‍റെ ചെലവും സമയവും കുറയ്ക്കുന്നതിനു വളരെയധികം സാധ്യതകളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള വളരുന്ന വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്ക് അന്താരാഷ്‌ട്ര (ക്രോസ് ബോർഡർ പിയർ-ടു-പിയർ) പേയ്മെന്‍റുകളുടെ ആരംഭ പോയിന്‍റാണു പണമയയ്ക്കല്‍. കൂടാതെ ഡോളർ, യൂറോ, പൗണ്ട് തുടങ്ങിയ പ്രധാന കറൻസികളിലെ ഇടപാടുകള്‍ തീർപ്പാക്കാൻ തത്സമയ മൊത്ത സെറ്റില്‍മെന്‍റ് (ആർടിജിഎസ്) വിപുലീകരിക്കുന്നതിനുള്ള സാധ്യതകളുമുണ്ടെന്ന് ദാസ് പറഞ്ഞു.

ഇന്ത്യയുടെ പണമയയ്ക്കല്‍. മറ്റെല്ലാ രാജ്യങ്ങളെയും മറികടന്നു.

ഇന്‍റർനാഷണല്‍ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പുറത്തിറക്കിയ വേള്‍ഡ് മൈഗ്രേഷൻ റിപ്പോർട്ട് 2024 അനുസരിച്ച്‌, കഴിഞ്ഞ വർഷം 1,11,000 കോടി ഡോളറാണ് (111 ബില്യണ്‍) ഇന്ത്യയുടെ പണമയയ്ക്കല്‍. മറ്റെല്ലാ രാജ്യങ്ങളെയും മറികടന്നാണിത് ഉയർന്നത്. മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ ആസിയാൻ രാജ്യങ്ങളുടെയും ഇന്ത്യയുടെയും ആഭ്യന്തര തത്ക്ഷണ പേയ്മെന്‍റ് സിസ്റ്റങ്ങളെ (ഐപിഎസ്) പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് തത്ക്ഷണ പേയ്മെന്‍റുകള്‍ പ്രാപ്തമാക്കുന്നതിനുള്ള ബഹുമുഖ സംരംഭമായ പ്രോജക്റ്റ് നെക്സസ് ഇതില്‍ ഉള്‍പ്പെടുന്നു.

അന്താരാഷ്‌ട്ര പണമിടപാടുകള്‍ കാര്യക്ഷമമാക്കാൻ സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസി

സിംഗപ്പൂർ, യുഎഇ, മൗറീഷ്യസ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി അതിർത്തി കടന്നുള്ള പേയ്മെന്‍റ് ലിങ്കേജുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസി (സിബിഡിസി) അന്താരാഷ്‌ട്ര പണമിടപാടുകള്‍ കാര്യക്ഷമമാക്കാൻ ശേഷിയുള്ള മറ്റൊരു മേഖലയാണെന്ന് റിസർവ് ബാങ്ക് ഗവർണർ വിശദീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →