മുണ്ടക്കയം: മോട്ടോർ വാഹന വകുപ്പ് ബസ് സ്റ്റാൻഡുകളില്‍ നടത്തിയ പരിശോധനകളിൽ നിരവധി വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി. 103 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 14 ബസുകള്‍ വേഗപ്പൂട്ട് ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. ഈ ബസുകളുടെ പെർമിറ്റ് താല്‍ക്കാലികമായി റദ്ദാക്കി. കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർക്ക് പിഴ ചുമത്തി. എയർ ഹോണ്‍ ഉപയോഗിച്ച ബസുകള്‍ക്കും പിഴയീടാക്കി.ബസുകളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന മ്യൂസിക് സിസ്റ്റം പിടിച്ചെടുത്ത് പിഴയീടാക്കി. ട്രിപ് മുടക്കി മുണ്ടക്കയം ബൈപാസ് റോഡില്‍ പാർക്ക് ചെയ്തിരുന്ന നാലു ബസിനെതിരെ കേസെടുത്തു. ആകെ 1,20,000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.. കാഞ്ഞിരപ്പള്ളി, പൊൻകുന്നം മുണ്ടക്കയം എന്നിവിടങ്ങളില്‍ ഒക്ടോബർ 15 ന് രാവിലെയാണ് പരിശോധനകൾ തുടങ്ങിയത്.
ബസ് സ്റ്റാൻഡിലെ സ്വകാര്യ ബസുകള്‍ പലതും മുങ്ങി
ജില്ല എൻഫോഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം ബസ് സ്റ്റാൻഡുകളിലാണ് പരിശോധന നടന്നത്. മുണ്ടക്കയം സ്റ്റാന്റിൽ മോട്ടോർ എൻഫോഴ്സ്മെന്‍റ് ടീം എത്തിയപ്പോൾ ബസ് സ്റ്റാൻഡിലെ സ്വകാര്യ ബസുകള്‍ പലതും മുങ്ങി. കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവിടങ്ങളില്‍ രാവിലെ പരിശോധന നടന്നിരുന്നു. തൊട്ടുപിന്നാലെയായിരുന്നു മുണ്ടക്കയത്തും സംഘം എത്തിയത്.ഇവർ എത്തുന്നതിന് മുമ്പേയാണ് സ്റ്റാൻഡിലുണ്ടായിരുന്ന ബസുകള്‍ മുങ്ങിയത്. എങ്കിലും മണിക്കൂറുകളോളം സ്റ്റാൻഡില്‍ പരിശോധന തുടർന്ന സംഘം നിരവധി നിയമലംഘകരെ കണ്ടെത്തി പിഴയീടാക്കിയാണ് അവസാനിപ്പിച്ചത്.കെ.എസ്.ആർ.ടി.സി ബസുകളിലും പരിശോധന നടത്തി.
ജില്ല എൻഫോഴ്സ്മെന്റ് മേധാവി സി. ശ്യാംമിന്റെ നിർദേശ പ്രകാരം നാല് സ്പെഷല്‍ സ്ക്വാഡാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർമാരായ ബി. ആഷ കുമാർ, ജോസ് ആന്റണി എന്നിവരുടെ നേതൃത്വം നല്‍കി. മനോജ് കുമാർ, ഗണേഷ് കുമാർ, രജനീഷ്, സി.ആർ. രാജു, സുജിത്ത്, സെബാസ്റ്റ്യൻ, ദിപു ആർ. നായർ എന്നിവരും പങ്കെടുത്തു.