കൊട്ടാരക്കര: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കിഴക്കൻ മേഖലയിലെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു.കാട്ടുപന്നികള്‍ എല്ലാ കാർഷിക വിളകളും നശിപ്പിക്കുകയാണ്. എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാതെ കർഷകർ ആശങ്കയിലാണ്.ഏലാകളിലും കരഭൂമികളിലും കൃഷിയിറക്കിയ ചേന, ചേമ്പ് , മരച്ചീനി, വാഴ, കാച്ചില്‍, വഴുതന തുടങ്ങിയവയെല്ലാം രാത്രിയിലെത്തി പന്നി നശിപ്പിക്കുകയാണ്. കൃഷി നിർത്തുകയല്ലാതെ കർഷകർക്കു മുന്നില്‍ മറ്റു മാർഗങ്ങളില്ല. കർഷകർ ദുരിതത്തിലായിട്ടും പഞ്ചായത്തുകള്‍ പന്നികളെ വെടിവച്ചു കൊല്ലാനോ പിടികൂടി വനത്തില്‍ കൊണ്ടുവിടാനോ തയാറാകുന്നില്ല.
രാത്രിയില്‍ കൂട്ടത്തോടെ പുറത്തിറങ്ങി വിളകള്‍ നശിപ്പിക്കുന്നു
പകല്‍ സമയങ്ങളില്‍ റബർ തോട്ടങ്ങളിലും മറ്റും പതുങ്ങിക്കഴിയുകയാണ് ചെയ്യുന്നത്. രാത്രിയില്‍ കൂട്ടത്തോടെ പുറത്തിറങ്ങി വിളകള്‍ നശിപ്പിക്കുന്നു. നിമിഷങ്ങള്‍ കൊണ്ടാണ് ഏക്കർകണക്കിന് സ്ഥലത്തെ കൃഷി നശിപ്പിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ കർഷകർ രാത്രി കാലത്ത് വിളകള്‍ക്ക് കാവല്‍ നിന്നു. എന്നാല്‍ പ്രയോജനമില്ലെന്ന് കണ്ടതോടെ നിർത്തുകയായിരുന്നു. കർഷകരില്‍ ഭൂരിപക്ഷവും വായ്പയെടുത്തും കടം വാങ്ങിയുമാണ് കൃഷിയിറക്കുന്നത്. വിളവെടുപ്പു കഴിയുമ്പോഴാണ് കടം തീർക്കുക. ഇപ്പോള്‍ കടം തീർക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ.
