ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം പരാമർശ വിവാദത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ വീണ്ടും കത്തയച്ചു. താൻ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമാണ്. ഭരണഘടനാ ബാധ്യത നിറവേറ്റാത്തതായും കണക്കാക്കുമെന്നും കത്തിൽ ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രി എന്തോ ഒളിക്കുന്നതായും ഗവർണറുടെ കത്തില്‍ രൂക്ഷമായ വിമർശനമുണ്ട്.

നാലു ദിവസം മുന്‍പാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.

മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന ‘സ്വര്‍ണക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനം’ തുടങ്ങിയ പരാമര്‍ശങ്ങളില്‍ നാലു ദിവസം മുന്‍പാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മൂന്നാഴ്ച മുന്‍പാണ് ഗവര്‍ണര്‍ കത്തയച്ചിരുന്നു. ദേശവിരുദ്ധര്‍ ആരെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ഗവർണർ കത്തില്‍ ചോദിക്കുന്നുണ്ട്. .എപ്പോഴാണ് ഇതിനെക്കുറിച്ച്‌ അറിഞ്ഞതെന്നും ആരാണ് ഇതിനു പിന്നിലെന്ന് അറിയിക്കണമെന്നും കത്തില്‍ പറയുന്നു.

സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി

​ഗവർണറുടെ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. തുടന്ന് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തുകയായിരുന്നു. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.

മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കാനേ കഴിയൂ എന്ന് സര്‍ക്കാര്‍

ഒക്ടോബർ 8ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ചീഫ്സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇരുവിഷയങ്ങളിലും ഗവര്‍ണര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.ഗവർണറുടേത് ചട്ടവിരുദ്ധ നടപടിയാണ്. നേരിട്ടു ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കാനേ കഴിയൂ എന്നുമുള്ള വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →