തിരുവനന്തപുരം :ഹിമാചല്‍പ്രദേശിലെ റോത്തങ് പാസില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് വീരമൃത്യു വരിച്ച സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു.2024 ഒക്ടോബർ 3ന് ഉച്ചയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിച്ച മൃതദേഹം സര്‍ക്കാരിന് വേണ്ടി മന്ത്രി വീണാ ജോര്‍ജ്ജ് ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഭൗതീകദേഹത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. തോമസ് ചെറിയാന്റെ സഹോദരന്‍ തോമസ് തോമസ് പുഷ്പചക്രം അര്‍പ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി.
ഭൗതിക ശരീരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി
വിലാപയാത്രയായി തുറന്ന സൈനീക വാഹനത്തില്‍ ഭൗതിക ശരീരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം ഒക്ടോബർ 4 ന് രാവിലെ സൈനികോദ്യോഗസ്‌ഥര്‍ ഇലന്തൂരിലെത്തിക്കും.വിലാപയാത്രയായി ജന്മനാടായ ഇലന്തൂരിലേക്ക് കൊണ്ടുപോകും. . രാവിലെ 10.30ന് ഭൗതികശരീരം ഇലന്തൂര്‍ ചന്ത ജങ്ഷനില്‍ നിന്ന് സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.പൂര്‍ണ്ണ സൈനീക ബഹുമതികളോടെയാണ് തോമസ് ചെറിയാന്റെ സംസ്‌കാരം
സംസ്‌കാര ശുശ്രൂഷ ഒക്ടോബർ 4ന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍
തോമസ് ചെറിയാന്റെ സഹോദരന്‍ പരേതനായ തോമസ് മാത്യുവിന്റെ മകന്‍ ഷൈജുവിന്റെ വീട്ടിലേക്കാണ് മൃതദേഹം എത്തിക്കുന്നത്. തുടര്‍ന്ന് പൊതുദര്‍ശനം. സംസ്‌കാര ശുശ്രൂഷ ഒക്ടോബർ 4ന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. 12.15ന് ഭവനത്തിലെ ശുശ്രൂഷയ്‌ക്കു കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. 12.40ന് കാരൂര്‍ പള്ളിയിലേക്ക് വിലാപയാത്രആരംഭിക്കും. ഒന്നിന് പള്ളിയിലെത്തിക്കുന്ന മൃതദേഹത്തില്‍ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. രണ്ടിന് പള്ളിയിലെ ശുശ്രൂഷകള്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് മൃതദേഹം സംസ്‌കരിക്കുക