ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ.കപ്പല്‍ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പദ്ധതിയും ചർച്ച ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.
ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്രകള്‍ ഒഴിവാക്കാൻ നിർദേശം
ഏകദേശം 20,000-ലധികം ഇന്ത്യക്കാർ ഇസ്രായേലില്‍ താമസിക്കുന്നതായാണ് കണക്ക്. ഇവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്രകള്‍ ചെയ്യുന്നത് ഒഴിവാക്കാനും കേന്ദ്ര സർക്കാർ നിർദേശം നല്‍കി.
ഇസ്രായേല്‍- ഹമാസ് സംഘർഷം രൂക്ഷമായിരുന്ന സമയത്ത് ഓപ്പറേഷൻ അജയ് എന്ന പേരില്‍ ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരിച്ചെത്തിച്ചിരുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചാർട്ടേർഡ് വിമാനങ്ങള്‍ സജ്ജമാക്കിയാണ് ആളുകളെ തിരികെ എത്തിച്ചത്. നിലവില്‍ മിസൈല്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കപ്പല്‍ മാർഗം അവിടെയുള്ളവരെ തിരികെ എത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
