ഇടുക്കി: ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ചൊക്രമുടി മല മുകളിൽ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തി, നിർമാണങ്ങൾ നടത്തിയ സംഭവത്തിൽ കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഞെട്ടിപ്പിക്കുന്ന പ്രത്യാഘാതങ്ങളെ പറ്റിയാണ്. ഉടനെ തന്നെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടു തുടങ്ങും എന്നാണ് വിവരം.
പ്രത്യാഘാതങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിലെ ഭാഗം അതേപടി വായിക്കുക.
8. പ്രത്യാഘാതങ്ങൾ
(a) ദുരന്തനിവാരണ പ്ലാൻ പ്രകാരം റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് വൻ ഭീഷണി ഉയർത്തുന്നുണ്ട്. വലിയ പാറയും, പാറക്കല്ലുകളും അവിടെയായി മാത്രം മണ്ണും നിറഞ്ഞ ടി പ്രദേശത്ത് നടത്തിയ നിർമ്മാണം മൂലം മേൽ മണ്ണിന് ഘടനാപരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. പാറഖനനം, അതിനു വേണ്ടിയുള്ള സ്ഫോടനങ്ങൾ, യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ വൻതോതിൽ ഉള്ള മണ്ണൊലിപ്പിന് ഇടയാക്കിയേക്കും.
(b) ചൊക്ര മുടിക്ക് സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതം താഴ്വരകളിലുള്ള പ്രദേശവാസികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. കൂടാതെ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ ടി നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി ടി പ്രദേശത്തെ ദുരന്തസാദ്ധ്യത കൂടി പരിശോധിക്കേണ്ട വിഷയമായി കാണുന്നു.
(c) അനധികൃതമായും അശാസ്ത്രീയമായും നിർമ്മിച്ച തടയണ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണി വർണ്ണനാതീതമാണ്. തടയണ തകർന്ന് മണ്ണും കല്ലും കുത്തിയൊലിച്ച് താഴേക്ക് ഒഴുകുന്ന പക്ഷം അടിവാരത്തെ നൂറുകണക്കിന് വരുന്ന കുടുംബങ്ങൾക്ക് ജീവനും സ്വത്തും നശിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.
(d) നീർച്ചോലകളുടെ ഒഴുക്കിനു കുറുകെ നിർമ്മിച്ച റോഡ് പാറയ്ക്ക് മുകളിലെ മണ്ണിൻറെ ഘനം കുറഞ്ഞ പാളി തെന്നി നീങ്ങുന്നതിന് കാരണമായേക്കാം. ഇത് വലിയ ദുരന്തത്തിന് ഇടവച്ചേക്കാം.
(e) മരങ്ങൾ, പാറകൾ എന്നിവ അനധികൃതമായി കടത്തിക്കൊണ്ടുപോയത് വഴി സർക്കാരിനുണ്ടായ നഷ്ടം ഗണ്യമാണ്. എന്നാൽ ഇതുവഴി ഉണ്ടായ പാരിസ്ഥിതി ആഘാതം അതിലേറെയാണ്.
(f) അടിവാരത്തു താമസിക്കുന്ന 200 ൽ പരം പട്ടികജാതി/ പട്ടികവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടെ 300 ഓളം കുടുംബങ്ങൾ മേൽപ്പറഞ്ഞ അനധികൃത പ്രവർത്തനങ്ങൾ മൂലം ഭീഷണിയിലാണ്.
(g) സംരക്ഷിത ചെടികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള ചെടികൾ അടങ്ങുന്ന ജൈവവൈവിധ്യം രാസവസ്തുക്കൾ ഉപയോഗിച്ച് നശിപ്പിച്ചിട്ടുണ്ട്. പ്രകൃതിക്ക് എന്ന പോലെ മലനിരകളിൽ നിന്നുള്ള ജലം വിഷമായമാകുന്നതിലൂടെ ജനവാസ മേഖലയ്ക്കും വൻ ഭീഷണിയാണ് ഉണ്ടായിട്ടുള്ളത് എന്ന് കാണുന്നു. [Annexure-V(a), (b), (c)]
മുകളിൽ കൊടുത്തിട്ടുള്ള റിപ്പോർട്ടിന്റെ ഭാഗങ്ങൾ വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. വ്യക്തമായ ആസൂത്രണങ്ങളും ഒരു കൊല്ലം നീണ്ട നടപ്പാക്കലുമാണ് ചൊക്രമുടിയിൽ അരങ്ങേറിയത്. എന്നാൽ ഭൂമി കയ്യേറ്റവും നിർമ്മാണ പ്രവർത്തനങ്ങളും മാധ്യമ വാർത്തകളിലൂടെയാണ് ശ്രദ്ധയിൽ വന്നത്. അതുവരെയും സർക്കാരും വിവിധ വകുപ്പുകളും ഒന്നും കണ്ടില്ല എന്ന് നടിക്കുകയായിരുന്നു. മൂടിവെക്കാൻ ആകാത്ത സാഹചര്യം സംജാതമായപ്പോഴാണ് മാധ്യമ വാർത്തകളെ തുടർന്ന് 18.07. 2024 ലെ G0(Rt) No1686 / 2024RD ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്ഥല പരിശോധന സംഘത്തിൽ
ബിനു ജോസഫ്, സീനിയർ സൂപ്രണ്ട് കളക്ടറേറ്റ് ഇടുക്കി;
പി കെ സിജു സീനിയർ ക്ലർക്ക്, താലൂക്ക് ആപ്പീസ് ദേവികുളം;
അജിത് കുമാർ ടി എസ്, ക്ലർക്ക് കരിമണ്ണൂർ എൽ എ;
ശ്രീജിത്ത് എം എസ്, സീനിയർ ക്ലർക്ക്, കളക്ടറേറ്റ് ഇടുക്കി;
മെവിൻ അരുവി കുഴിയിൽ,ആർ ഡി ഓ ഇടുക്കി;
ഷിജു എ ആർ,ഹെഡ് സർവെയർ,താലൂക്ക് ഓഫീസ് ഉടുമ്പൻചോല എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
കള്ള പ്രമാണങ്ങൾ ചമച്ച് ടൂറിസം ആവശ്യങ്ങൾക്ക് വേണ്ടി ഭൂമി പിടിച്ചെടുക്കുവാൻ ശ്രമിച്ചവരുടെയും അത് വാങ്ങിയവരുടെയും വിവരങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്. അതിന് പ്രകടമായി ഒത്താശ ചെയ്ത ഉദ്യോഗസ്ഥന്മാർ ആരൊക്കെയാണെന്നും അവരുടെ പ്രവർത്തിയിലൂടെ എന്തൊക്കെ കാര്യങ്ങളാണ്. ഭൂമി കയ്യേറ്റക്കാർ നേടിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. സംഘത്തിൻറെ അന്വേഷണ പരിധിയിൽ ഭൂമി കയ്യറ്റത്തിന് പിന്നിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ ഉൾപ്പെട്ടിരുന്നില്ല. അതേപ്പറ്റി ധാരാളം ആക്ഷേപങ്ങൾ നാട്ടിൽ നിലവിൽ ഉണ്ടെങ്കിലും അന്വേഷണ റിപ്പോർട്ടിൽ അത് കടന്നു കൂടിയിട്ടില്ല. എന്നാൽ ഇത് ചൂണ്ടിക്കാട്ടി പല സംഘടനകളും വ്യക്തികളും രംഗത്ത് വന്നു കഴിഞ്ഞു.
ഭൂമി കയ്യേറ്റ മാഫിയയുടെ പ്രവർത്തനം മൂലം പൊറുതിമുട്ടിയിരിക്കുന്നത് തലമുറകളായി മലയോരത്ത് ജീവിച്ചുവരുന്ന കർഷകരും കച്ചവടക്കാരും ആണ്. ഒരു കന്നുകാലി കൂട് പണിയുവാൻ പോലും കർഷകർക്ക് അനുമതിയില്ല. ടൂറിസം അടക്കം വ്യവസായങ്ങളിലും വാണിജ്യ സംരംഭങ്ങളിലും പണം മുടക്കിയ വ്യാപാരി വ്യവസായി സമൂഹവും തടിക്കിടയിൽ വാലുപോയ കുരങ്ങനെ പോലെ വേദനയും വെപ്രാളവുമായി കഴിയുകയാണ്. ഓരോ കയ്യേറ്റവും ചെന്ന് പതിക്കുന്നത് നിരപരാധികളായ കർഷകരുടെയും വ്യാപാരി വ്യവസായി സമൂഹത്തിന്റെയും നെഞ്ചത്താണ്. രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ പ്രമാണിമാരുടെയും പിന്തുണയോടുകൂടി അരങ്ങേറുന്ന കയ്യേറ്റ പ്രവർത്തനങ്ങൾക്കെതിരെ ഈ വിഭാഗങ്ങളുടെ വെറുപ്പ് ശക്തമാണ്. കയ്യേറ്റത്തിന് പിന്നിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് പുറത്തു കൊണ്ടുവരണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഉന്നതതല പോലീസ് അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുവാനും സംഘടനകൾ ആലോചിക്കുന്നുണ്ട്.