ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷയേര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശിക്ഷയേര്‍പ്പെടുത്തി സൗദി അറേബ്യ. ഇതുസംബന്ധിച്ച ഉത്തരവ് സൗദി പൊതു സുരക്ഷാ വിഭാഗം പുറത്തിറക്കിക്കഴിഞ്ഞു. ജൂണ്‍ 2 മുതല്‍ ജൂണ്‍ 20വരെയാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. മക്ക നഗരം, സെന്‍ട്രല്‍ ഏരിയ, പുണ്യസ്ഥലങ്ങള്‍, ഹര്‍മൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, സുരക്ഷാ കേന്ദ്രങ്ങള്‍, താല്‍ക്കാലിക സുരക്ഷാ കേന്ദ്രങ്ങള്‍, സ്‌ക്രീനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വെച്ച് ഹജ്ജ് പെര്‍മിറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്കെതിരെയാണ് ശിക്ഷാ നടപടി സ്വീകരിച്ചുവരുന്നത്.
ഹജ്ജ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ 10000(ഏകദേശം 2,22,498 രൂപ) റിയാല്‍ വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിക്കുന്നവരുടെ പിഴ ഇരട്ടിയാക്കുമെന്നും പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. നിയമം ലംഘിക്കുന്ന വിദേശികളെ പിഴ ചുമത്തി അവരവരുടെ മാതൃരാജ്യത്തേക്ക് നാടുകടത്തും. കൂടാതെ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിശ്ചിതകാലത്തേക്ക് നിയമപരമായ വിലക്കുമേര്‍പ്പെടുത്തുമെന്നും പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. പെര്‍മിറ്റില്ലാത്ത തീര്‍ത്ഥാടകരെ എത്തിക്കുന്നവര്‍ക്ക് 6 മാസം തടവും 50000 റിയാല്‍ പിഴയും ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം