കോഴിക്കോട് നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂരിൽ കുറുങ്കുടി വാസുവിന്റെ മകൾ അംബിക എന്ന അനുവിനെ (26) കൊന്നത് അതിക്രൂരമായെന്ന് പൊലീസ്. ബൈക്കിൽ ലിഫ്റ്റ് കൊടുത്തശേഷം വഴിയിൽ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെളളത്തിൽ തല ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതി സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.
മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ എത്തിയത്. പിടിയിലായ മലപ്പുറം സ്വദേശിയുടെ സ്ഥിരം കവർച്ചാ രീതിയാണിതെന്നും ഇയാൾ നേരത്തെ ബലാത്സംഗ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പുലർച്ചെ മലപ്പുറത്തെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അനുവിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ നേരത്തേ പൊലീസ് എത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങൾക്കുള്ളിൽ പ്രതി പിടിയിലായത്.തിങ്കളാഴ്ച രാവിലെയാണ് അനുവിനെ കാണാതായത്. ഭർത്താവിനോടൊപ്പം ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് പുറപ്പെട്ട അനുവിനെ കാണാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവിൽ, ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടൂർ താഴെ വയലിലെ തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെയുളള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഷ്ടിച്ച് മുട്ടൊപ്പം മാത്രം വെള്ളമുളള തോട്ടിൽ മുങ്ങിമരിക്കില്ലെന്ന് ഉറപ്പിച്ചതോടെ കൊലപാതകമാണെന്ന സംശയം പൊലീസിന് ബലപ്പെട്ടു.തുടർന്ന് ഇതിലെ പോയ ചുവന്ന ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം മുന്നോട്ടുപോയത്. സമീപത്തെ സിസിടിവിയിൽ മലപ്പുറം സ്വദേശിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.