വിസി നിയമനം; സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയില്ല

യു ജി സി റെഗുലേഷൻ 2018 പ്രകാരം സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്ക് അധികാരമില്ല എന്നതിനാല്‍ വൈസ് ചാൻസലർ നിയമനത്തിന് സർവകലാശാല നോമിനിയെ നല്‍കണമെന്ന ചാൻസലറുടെ ആവശ്യം സാങ്കേതിക സർവകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം പരിഗണിച്ചില്ല.
ഈ ആവശ്യം ഉള്‍പ്പെടുന്ന അജണ്ട നിരാകരിക്കണമെന്ന് ചട്ടം 38 (7) പ്രകാരം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗം പ്രൊഫ ജി സഞ്ജീവ് അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. യു ജി സി റെഗുലേഷൻ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സംസ്ഥാന നിയമസഭ പാസാക്കിയ ബില്‍ പ്രസിഡന്റ്‌ന്റെ പരിഗണനയിലാണ്. അത്തരത്തില്‍ പ്രസിഡന്റിന് വിട്ട നടപടിയെ ചോദ്യം ചെയ്ത് സർക്കാർ നല്‍കിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഈ വിഷയം പരിഗണിക്കുന്നത് ഉചിതമല്ല എന്നും പ്രമേയത്തില്‍ പറയുന്നു.
സംസ്ഥാനത്തെ ബി ടെക് അഡ്മിഷനില്‍ 13% വർധനയുണ്ടായെന്ന് സാങ്കേതിക സർവകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം വിലയിരുത്തി. എം ടെക് അഡ്മിഷനിലും വലിയ വർധനവുണ്ടായി. 2015 മുതല്‍ ബി ടെക് പാസായ മുഴുവൻ വിദ്യാത്ഥികള്‍ക്കും പുതിയ മാർഗനിർദേശപ്രകാരം അവർക്കു ലഭിച്ച ഗ്രേഡിനെ മാർക്കിലേക്ക് മാറ്റാനുള്ള ഫോർമുല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം അംഗീകരിച്ചു. സർവകലാശാല ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണോദ്ടഘാടനം മാർച്ച്‌ 7ന് മുഖ്യമന്ത്രി വിളപ്പില്‍ശാലയില്‍ നിർവഹിക്കും.
സർവകലാശാല ബിരുദദാനം മാർച്ച്‌ 5 ന് നടത്താൻ തീരുമാനമായി. ഗവർണരും ചാൻസലറുമായ ആരിഫ് മുഹമ്മദ്‌ ഖാനും പ്രൊ ചാൻസലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദുവും ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →