അസാമാന്യ ധൈര്യം, സേനയുടെ അഭിമാനം; അജ്മീറിൽനിന്ന് മോഷ്ടാക്കളെ പിടികൂടിയ ‘ആലുവ സ്‌ക്വാഡി’ന് അംഗീകാരം

രാജസ്ഥാനിലെ അജ്മീറിൽനിന്ന് വെടിവെപ്പ് ഉൾപ്പെടെ അ‌തിജീവിച്ച് സാഹസികമായി മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് റൂറൽ എസ്.പി. ഡോ. വൈഭവ് സക്സേനയുടെ അ‌നുമോദനം. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഓപ്പറേഷനിൽ പങ്കെടുത്ത അ‌ഞ്ചുപേർക്കും ഓപ്പറേഷൻ കോർഡിനേറ്റ് ചെയ്ത എ.എസ്.പി. ട്രെയ്നി അഞ്ജലി ഭാവന ഐ.പി.എസ്., ഡിവൈഎസ്പി എ.പ്രസാദ്, സി.ഐ. എം.എം. മഞ്ജു ദാസ് എന്നിവർക്കും എസ്.പി. അഭിനന്ദനക്കത്ത് നൽകി

സബ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. ശ്രീലാല്‍, സി.പി.ഒമാരായ കെ.എം മനോജ്, വി.എ. അഫ്‌സല്‍, മാഹിന്‍ഷാ, മുഹമ്മദ് അമീര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അജ്മീറില്‍നിന്ന് സംഘം ഇന്നാണ് (ശനിയാഴ്ച) തിരിച്ചെത്തിയത്.
ആലുവയിലെ രണ്ടു വീടുകളില്‍നിന്ന് 38 പവനും പണവും മോഷ്ടിച്ച കേസിലെ ഷെഹജാദ്, ഡാനിഷ് എന്നീ രണ്ടു പ്രതികളെയാണ് പോലീസ് അജ്മീറിലെത്തി പിടികൂടിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിര്‍ത്ത പ്രതികളെ സംഘട്ടനത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ആക്രമണത്തില്‍ പതറാതെനിന്നതു കൊണ്ടാണ് പ്രതികളെ കീഴടക്കാന്‍ സാധിച്ചതെന്ന് സ്‌ക്വാഡ് തലവന്‍ എസ്.എസ്. ശ്രീലാല്‍ പറഞ്ഞു. ഒരാളെ പിടികൂടി കഴിഞ്ഞപ്പോഴാണ് മറ്റൊരാള്‍ വെടിയുതിര്‍ത്തത്. ഉടന്‍ രണ്ടാമനേയും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നെന്നും ശ്രീലാല്‍ വ്യക്തമാക്കി.
അസാമാന്യ ധൈര്യമാണ് അന്വേഷണ സംഘം പ്രകടിപ്പിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൃത്യസമയത്ത് വെള്ളമോ ഭക്ഷണമോ കഴിക്കാന്‍ നില്‍ക്കാതെ സമയം ഒട്ടും പാഴാക്കാതെയുള്ള യാത്രയായിരുന്നു. അര്‍പ്പണ മനോഭാവമാണ് ഇതിന് പിന്നില്‍. ഇവര്‍ സേനയുടെ അഭിമാനമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘത്തിന് ഡി.ജി.പിയുടെ ക്വാഷ് അവാര്‍ഡുള്‍പ്പടെയുള്ള പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്യും. അജ്മീറില്‍ അറസ്റ്റ് ചെയ്ത പ്രതികളെ ഉടന്‍ കേരളത്തിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അവിടത്തെ പോലീസിന്റെ സഹായം വലിയ തോതില്‍ ലഭിച്ചതായും എസ്.പി പറഞ്ഞു.

Share
അഭിപ്രായം എഴുതാം