കേരളത്തെ നടുക്കിയ കിഡ്നാപ്പിങ് കേസിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തികച്ചും ആസൂത്രിതമായി പ്രൊഫഷണൽ രീതിയിൽ ഒരു കുടുംബം നടത്തിയ തട്ടിപ്പിന്റെ കഥകളാണ് പ്രതികളുടെ അറസ്റ്റോടെ പുറത്തറിയുന്നത്. 93 മണിക്കൂർ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് തെളിവുകളൊന്നും അവശേഷിപ്പിക്കാതെ പ്രതികൾ നടത്തിയ നീക്കങ്ങൾ പൊളിക്കാൻ പോലീസിന് സാധിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് പത്മകുമാറും ഭാര്യ അനിതയും മകൾ അനുപമയും അതിനെ മറികടക്കാൻ വഴികൾ തേടിയത്. മറ്റു പലരും പല ക്രൈമുകളും നടത്തി പണം സമ്പാദിക്കുന്നത് പ്രകാരം തങ്ങൾക്കും പണമുണ്ടാക്കാം എന്ന ചിന്തയാണ് ഇവരെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചത്. ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പ എടുത്ത വകയിലും മറ്റുമായി പത്മകുമാറിന് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ഇതിന്റെ പെട്ടന്നുള്ള തിരിച്ചടവുകൾ നടത്തേണ്ടി വന്നതിനെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം സമ്പാധിക്കാൻ പ്രതികൾ തുനിഞ്ഞിറങ്ങിയത്. പത്ത് ലക്ഷം രൂപയായിരുന്നു ഇതിന് പ്രതികൾക്ക് ആവശ്യം.
കൃത്യമായ് ആസൂത്രണം ചെയ്ത കിഡ്‌നാപ്പിംഗ് ആയിരുന്നു മൂവരും നടത്തിയത്. ഒരു വർഷം മുമ്പ് തന്നെ ഇതിനായി ആസൂത്രണം തുടങ്ങിയിരുന്നു. അനിതാ കുമാരിയായിരുന്നു ഇതിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം. പരമാവധി തെളിവുകൾക്ക് സാധ്യത നൽകാതെ എങ്ങനെ കിഡ്നാപ്പിംഗ് നടത്താമെന്നാണ് പ്രതികൾ ആലോചിച്ചത്. അതുകൊണ്ട് തന്നെ പ്രതികൾ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ ഒന്നും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കാറിന്റെ നമ്പർ പ്ലേറ്റ് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം മാറ്റിവെക്കും. വീട്ടിൽ തിരിച്ചെത്തുന്നതിന് മുമ്പ് ഒറിജിനൽ നമ്പർപ്ലേറ്റ് തന്നെ വീണ്ടും വെക്കുകയും ചെയ്യുന്നതായിരന്നു രീതി.പത്മകുമാറിന്റെ മകൾ അനുപമയായിരുന്നു കുടുംബത്തിന്റെ പ്രധാന പണ സ്രോതസ്സ്. യൂട്യൂബിൽ അഞ്ച് ലക്ഷത്തോളം വരിക്കാരുള്ള അനുപമക്ക് ലക്ഷങ്ങൾ വരുമാനം ലഭിച്ചിരുന്നു. കടം മറികടക്കാൻ പത്മകുമാറും ഭാര്യയും ഒരുമിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടപ്പോൾ പത്മകുമാറിന്റെ അമ്മയും അനുപമയും ആദ്യം എതിർത്തിരുന്നു. എന്നാൽ പിന്നിട് അമ്മ മരണപെട്ടു. ഇതിനു പിന്നാലെ കഴിഞ്ഞ ജൂലൈയിൽ ഡീമോണിറ്റൈസേഷൻ കാരണം യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ച് അനുപമയും പ്രതിസന്ധിയിലായി. ഇതോടെ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവപെട്ട അനുപമ ഒടുവിൽ തട്ടിക്കൊണ്ടുപോകലിന് പിതാവിനും മാതാവിനുമൊപ്പം രംഗത്തിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നുഎൽഎൽബി ചെയ്യണമെന്നാഗ്രഹിച്ച അനുപമ അപ്രതീക്ഷിതമായാണ് യൂട്യൂബിലേക്ക് എത്തിയത്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമ ഹോളിവുണ്ട് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷന് വീഡിയോസും ഷോർട്ട്‌സും പോസ്റ്റ് ചെയ്ത് അതിവേഗമാണ് പണം സമ്പാദിക്കാൻ തുടങ്ങിയത്. ഇൻസ്റ്റഗ്രാമിലും സജീവമായിരുന്നു. ഇതിനിടയിലാണ് ഡീമോണിറ്റൈസേഷൻ സംഭവിക്കുന്നതും അനുപമയുടെ സാമ്പത്തികവഴി അടയുകയും ചെയ്യുന്നത്.എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് സുപ്രധാന വിവരങ്ങൾ കണ്ടെത്തിയത്. പ്രതികൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോൾ പോലീസ് കരുതുന്നത്. മൂന്ന് പേരെയും കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.