കൊച്ചി : നവകേരള സദസ്സിന്റെ പൊതുയോഗം തൃശൂർ പുത്തൂരിലെ മൃഗശാലയിൽ നിന്നു മാറ്റിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇവിടെ യോഗം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്നാണിത്. ഒല്ലൂർ മണ്ഡലത്തിലെ യോഗമാണ് ഈ മാസം അഞ്ചിന് പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ നടത്താൻ തീരുമാനിച്ചിരുന്നത്. വെള്ളാനിക്കര കാർഷിക സർവകലാശാലാ മൈതാനമാണു പുതിയ വേദി. മൃഗശാലയിൽ മുക്കാൽ ഭാഗത്തോളം പൂർത്തിയായ വേദി അഴിച്ചുമാറ്റിത്തുടങ്ങി. സദസ്സിനു മുന്നോടിയായി ഇന്നലെ വൈകിട്ട് ഇവിടെ നടത്താനിരുന്ന സാംസ്കാരിക സമ്മേളനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്കു മാറ്റി.
തൃശൂർ സ്വദേശി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു പരിഗണിച്ചത്. പാർക്കിങ് ഏരിയയിലാണു യോഗമെന്നും ഇതു മൃഗശാലാ വളപ്പിലല്ലെന്നും സർക്കാർ വാദിച്ചിരുന്നു. പരിപാടി പാർക്കിന് ഏറെ ഗുണപ്രദമാണെന്നും അവകാശപ്പെട്ടു. എന്നാൽ വന്യമൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നിടത്ത് എങ്ങനെ പരിപാടി നടത്തുമെന്നും ലൗഡ് സ്പീക്കറിന് അനുമതിയുണ്ടോയെന്നും കോടതി ആരാഞ്ഞു. തുടർന്ന് ഉച്ചവരെ സമയം തേടിയശേഷം വേദി മാറ്റുന്നതായി സർക്കാർ അറിയിച്ചു.

