സീരിയൽ നടി രഞ്ജുഷ മേനോനെ തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷൂട്ടിങ്ങിന് എത്താത്തതിനെ തുടർന്ന് ജീവിത പങ്കാളിയും സഹപ്രവർത്തകരും അന്വേഷിച്ചപ്പോളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം ശ്രീകാര്യത്തിനടുത്തുള്ള ഫ്ലാറ്റിലാണ് രഞ്ജുഷയും സീരിയൽ സംവിധായകനായ പങ്കാളി മനോജ് ശ്രീലകവും താമസിക്കുന്നത്. അവിടത്തെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ഇന്ന് രാവിലെ 9 മണിയോടെ രഞ്ജുഷയെ കണ്ടത്. ഷൂട്ടിങ്ങിനായി മനോജ് രാവിലെ പുറത്തേക്ക് പോയി. തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ആനന്ദരാഗം എന്ന സീരിയലിൽ അഭിനയിക്കാൻ രഞ്ജുഷയ്ക്കും ഇന്ന് പോകണ്ടതായിരുന്നു. വരാത്തതിനെ തുടർന്ന് അണിയറ പ്രവർത്തകരാണ് ആദ്യം അന്വേഷിച്ചത്. പങ്കാളി മനോജ് വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ മുറിയിലെത്തി വിളിച്ച് നോക്കി.
പിൻവശത്ത് വാതിൽ വഴി അകത്ത് കയറിയ മനോജാണ് മൃതദേഹം ആദ്യം കണ്ടത്. ആദ്യ വിവാഹം വേർപ്പെടുത്തിയ ശേഷമാണ് മനോജും രഞ്ജുഷയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിലും 20 ലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്