കാഞ്ഞങ്ങാട് വീണ്ടും വാഹന മോഷണം; റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട പുതിയ സ്കൂട്ടറുമായി അറുപതുകാരൻ മുങ്ങി

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയില് ബൈക്ക് മോഷണം പതിവാകുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട പുതിയ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മംഗലാപുരത്ത് കോളേജ് വിദ്യാർത്ഥിയായ ഹാഷ്മി റഹ്മത്തുള്ളയുടെ KL 60 U 9499 ആക്സസ് സ്കൂട്ടറാണ് കള്ളൻ കൊണ്ട് പോയത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. 60 വയസോളം പ്രായം തോന്നിക്കുന്ന ഒരാൾ സ്കൂട്ടർ തള്ളിക്കൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ.കാസർകോട് റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് ഒരുപാട് മോഷണങ്ങള്‍ നടക്കാറുണ്ട്.

മോഷ്ടിക്കുന്ന ബൈക്ക് വിൽക്കുകയോ, മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ ഉൾപ്പടെ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നാണ് പൊലീസിന്റെ അഭ്യർത്ഥന.

അതേസമയം മറ്റൊരു സംഭവത്തില്‍ ആലപ്പുഴയിൽ വയോധികയുടെ മാലകവർന്ന് കടന്ന മോഷ്ടാവിനെ സാഹസികമായി പിടികൂടിയിരുന്നു പായൽക്കുളങ്ങര സ്വദേശിനിയായ വയോധികയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിൽ മൂരിപ്പാറ വീട്ടിൽ രഞ്ജിത്ത്കുമാറി (വേലു-48)നെയാണ് അമ്പലപ്പുഴ പൊലീസ് വാഹനം തടഞ്ഞ് വളഞ്ഞിട്ട് പിടികൂടിയത്. കഴിഞ്ഞമാസം 20 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം

Share
അഭിപ്രായം എഴുതാം