ഏതൊരു പശുവിന്റെയും പാലുല്‍പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് അവയുടെ പാരമ്പര്യമാണെങ്കിലും ജനനം മുതല്‍ അവയ്ക്കു നല്‍കുന്ന പരിചരണത്തിനും അവയുടെ ഭാവിയിലെ മികച്ച പാലുല്‍പാദനത്തിനു പിന്നില്‍ കാര്യമായ സ്ഥാനമുണ്ട്. ചുരുക്കത്തില്‍ മികച്ച പാരമ്പര്യം, നല്ല പരിചരണം, നല്ല ഭക്ഷണം, കാലാവസ്ഥ എന്നിവയ്‌ക്കെല്ലാം പശുക്കളുടെ പാലുല്‍പാദനത്തില്‍ വ്യക്തമായ പങ്കുണ്ട്. ഒരു കന്നുകുട്ടിയെ നല്ല രീതിയില്‍ വളര്‍ത്തി പാലുല്‍പാദനത്തിലേക്ക് എത്തിക്കാന്‍ ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം കുറഞ്ഞത് 85000 രൂപയെങ്കിലും ചെലവ് വരുമെന്ന് പറയുന്നു ക്ഷീരകര്‍ഷകനായ സി.കെ.അരുണ്‍. മൂവാറ്റുപുഴ നെല്ലാടുള്ള അരുണിന്റെ ഡെയറി ഫാമില്‍ പശുക്കളും കിടാരികളുമായി ഇരുപത്തഞ്ചോളം ഉരുക്കളുണ്ട്. വര്‍ഷങ്ങളായി സ്വന്തം ഫാമില്‍ ജനിക്കുന്ന മികച്ച കന്നുകുട്ടികളെ തിരഞ്ഞെടുത്ത് വളര്‍ത്തിയെടുക്കുന്ന അരുണ്‍ ഫാമിങ്ങില്‍ തന്റെ കണക്കുകള്‍ കൃത്യമായി എഴുതിസൂക്ഷിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്രയും ചെലവ് വരുമെന്ന് പറയുന്നതും. ആദ്യ പ്രസവത്തില്‍ 16-18 ലീറ്റര്‍ പാലുല്‍പാദനം ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന പശുക്കള്‍ക്ക് ലഭിക്കുന്നുമുണ്ട്.
ജനിക്കുന്ന അന്നു മുതല്‍ കന്നുകുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ ചെലവ് ഇനത്തില്‍ത്തന്നെ കൂട്ടേണ്ടിവരും. പലപ്പോഴും നല്‍കുന്ന പാലിന് കൃത്യമായ അളവോ കണക്കോ കര്‍ഷകര്‍ സൂക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ അത് ചെലവായി കണക്കാക്കാറുമില്ല. തുടര്‍ന്ന് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നല്‍കുന്ന സാന്ദ്രിത തീറ്റയും പുല്ലും ചെലവ് തന്നെയാണ്. സ്വന്തമായി കൃഷി ചെയ്ത് പുല്ലുല്‍പാദിപ്പിക്കുന്നെങ്കിലും കര്‍ഷകന്റെ അധ്വാനത്തിന്റെ വില അതിനും കണക്കാക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ കിലോയ്ക്ക് ഒന്നര രൂപയെങ്കിലും പുല്ലിന്റെ വിലയായി കണക്കാക്കണമെന്നും അരുൺ.

