ഇറാഖിൽ വിവാഹസത്ക്കാര ചടങ്ങിനിടെയുണ്ടായ തീപിടുത്തത്തിൽ 113 മരണം. ദുരന്തത്തിൽ 150ലേറെ പേർക്ക് പരുക്കേറ്റു. വടക്കൻ നിനവേ പ്രവിശ്യയിലെ അൽ ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ആഘോഷച്ചടങ്ങുകൾക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീ പടർന്നെന്നാണ് നിഗമനം. വരനും വധുവും ഉൾപ്പെടെ അപകടത്തിൽ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. 2023 സെപ്തംബർ 26 ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം എത്ര പേർക്ക് പരുക്കേറ്റന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
നൂറുകണക്കിന് ആളുകളാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. വിവാഹം നടന്ന ഹാളിലെ തീപിടുത്ത സാധ്യത അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കെട്ടിടാവശിഷ്ടങ്ങൾ തകർന്നുവീണതും ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. ഉയർന്ന തീപിടുത്ത സാധ്യതയുള്ളതും ചെലവ് കുറച്ച് നിർമിച്ചതുമായ കെട്ടിടം തീപിടിച്ച് മിനിറ്റുകൾക്കകം ഇടിഞ്ഞുവീഴുകയായിരുന്നെന്ന് ഇറാഖിന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐഎൻഎ റിപ്പോർട്ട് ചെയ്തു.
സെപ്തംബർ 27ന് പുലർച്ചെയും രക്ഷാപ്രവർത്തനം സജീവമായിരുന്നു. എല്ലാ വിധ സഹായങ്ങളും രക്ഷാപ്രവർത്തനത്തിനായി ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. പരുക്കേറ്റവരെ നിനവേ പ്രവിശ്യയിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.



