പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതി പിടിയിൽ

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ കണ്ടൻചിറ സനലാണ് പന്തളം പൊലീസിന്റെ വലയിലായത്. രണ്ടു വർഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി മൊഴി നൽകി. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് ഉൾവനത്തിൽ ഒളിവിൽ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു.

രണ്ടു വർഷം മുൻപാണ് ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സനൽ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പറയുന്നത്. പെൺകുട്ടിയുടെ സ്വർണവും പണവും ഇയാൾ പലപ്പോഴായി തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. എതിർത്തപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി കുളത്തൂപ്പുഴ വനമേഖലയിലെ ഉൾക്കാട്ടിലേക്ക് ഒളിവിൽ പോയി. പ്രതി കാട്ടിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാലിചതുപ്പ് ഭാഗം കേന്ദ്രീകരിച്ച് പൊലീസ് സംഘം തിരച്ചിൽ നടത്തി. പൊലീസ് എത്തിയതറിഞ്ഞ യുവാവ് നിബിഢവനത്തിനുള്ളിൽ ഒളിക്കുകയും പിന്നീട് ഉൾവനത്തിൽ നിന്ന് പുറത്തെത്തി വാടകവീട്ടിൽ അഭയം തേടുകയുമായിരുന്നു. പൊലീസിനെ കണ്ട പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ കീഴടക്കി.

വന മേഖലയിൽ ഒരു രാത്രിയും പകലും നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയെ വലയിലായതെന്ന് പൊലീസ് പറഞ്ഞു. സനലിനെ തെന്മല, ഉറുകുന്ന്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വർണാഭരണങ്ങൾ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →